കൊച്ചി- കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരെ പരസ്യമായി സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എത്തിയ സിസ്റ്റര്‍ ലൂസിക്ക് വീണ്ടും താക്കീതുമായി സന്ന്യാസിനി സഭ. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ അശോകപുരം കാര്യാലയത്തിലെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വീണ്ടും താക്കീത് കത്ത് നല്‍കിയത്. ഫെബ്രുവരി ആറിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ജനുവരി ഒമ്പതിന് ആലുവയിലെ കാര്യാലയത്തിലെത്തി തന്നെ നേരിട്ട് കണ്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ജനുവരി 14 വരെ ഇക്കാര്യത്തില്‍ സമയം നല്‍കിയിരുന്നുവെങ്കിലും തന്നെ കാണാനോ വിശദീകരണം നല്‍കാനോ സിസ്റ്റര്‍ ലൂസി തയാറായില്ലെന്നും സുപ്പീരിയര്‍ ജനറല്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. എന്നു മാത്രമല്ല മാധ്യമങ്ങളിലൂടെ താങ്കള്‍ നിലപാട് ന്യായീകരിക്കുകയും സഭയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി വീണ്ടും നിലപാട് സ്വീകരിക്കുകയുമാണ് ചെയ്തത്.
രണ്ടാമത്തെ കത്തില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ 13 ആരോപണങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. സുപ്പീരിയര്‍ ജനറലിന്റെ നിര്‍ദേശാനുസരണം നേരില്‍ കാണാന്‍ കൂട്ടാക്കിയില്ല, 2015 മെയ് 10 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചില്ല, അനുവാദമില്ലാതെ ഡ്രൈവിംഗ് പഠിച്ചു, സ്വന്തമായി വന്‍ തുക മുടക്കി കാര്‍ വാങ്ങി, സന്ന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ സ്നേഹ മഴയില്‍ എന്ന പേരില്‍ കവിതാ സമാഹാരം പുറത്തിറക്കി, ഇതിനായി സുപ്പീരിയര്‍ ജനറലിനു പോലും ചെലവഴിക്കാന്‍ അധികാരമുള്ളതിനേക്കാള്‍ കൂടുതല്‍ തുക അനുവാദമില്ലാതെ ചെലവഴിച്ചു, ഇതര വിഭാഗങ്ങളുടെ പത്രങ്ങളിലും വാരികയിലും അനുവാദമില്ലാതെ ലേഖനം പ്രസിദ്ധീകരിച്ചു, 2018 സ്‌പെതംബര്‍ 20 ന് സോഷ്യല്‍ മീഡിയ വഴിയും ടി.വി. ചാനല്‍ വഴിയും കത്തോലിക്ക സഭയെയും സന്ന്യാസിനി സഭയെയും പ്രതിക്കൂട്ടിലാക്കുന്ന വിധം തെറ്റായ വിധത്തില്‍ ആക്ഷേപിച്ചു, സേവ് ഔര്‍ സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തില്‍ അനുവാദമില്ലാതെ പങ്കെടുത്ത്് അച്ചടക്കം ലംഘനം നടത്തി, അനുവാദമില്ലാതെ മഠത്തില്‍ നിന്നും വൈകുന്നേരങ്ങളില്‍ പുറത്തു പോകുകയും രാത്രി വൈകി മടങ്ങിയെത്തുകയും ചെയ്യുന്നു, പ്രാര്‍ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുകയോ എല്ലാവരും ചേര്‍ന്നുള്ള ഭക്ഷണ വിരുന്നില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല, സന്ന്യാസിനി സഭയുടെ ഡ്രസ് കോഡിനു വിരുദ്ധമായി അനുവാദമില്ലാതെ പൊതുസമൂഹത്തില്‍ വസ്ത്രധാരണം നടത്തുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിക്ക് നല്‍കിയിരിക്കുന്ന രണ്ടാം കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് ഫെബ്രുവരി ആറിനുള്ളില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം സഭാ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഈ മാസം ഒമ്പതിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട്് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിസ്റ്റര്‍ ലൂസി ഇത് തള്ളിക്കളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രണ്ടാമതും കത്ത്് നല്‍കിയിരിക്കുന്നത്.