കൊണ്ടോട്ടി- വിമാന ഇന്ധന വാറ്റില്‍ ഇളവ് നല്‍കിയും ആദ്യ ഹജ് വിമാനം കരിപ്പൂരില്‍നിന്ന് നടത്താനുമുളള നടപടികളും പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിനൊരുങ്ങുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിലവിലെ വിമാനത്താവള വിവാദം ഒഴിവാക്കാനാണ് സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിക്കുന്നത്. ബജറ്റിലും ബജറ്റിനു മുന്നോടിയായും വിമാന ഇന്ധന വാറ്റിലും ഹജ് സര്‍വീസിലും പ്രഖ്യാപനങ്ങളുണ്ടാകും.
ആഭ്യന്തര സെക്ടറില്‍ വിമാന ഇന്ധനത്തിന് കരിപ്പൂരില്‍ 28 ശതമാനം വാറ്റ് ഈടാക്കുമ്പോള്‍ കണ്ണൂരില്‍ നിന്ന് ഒരു ശതമാനമാണ് പത്ത് വര്‍ഷത്തേക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കരിപ്പൂരില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ പിന്‍വലിയുന്ന കാഴ്ചയാണുളളത്. ഇതില്‍ പ്രതിഷേധിച്ച് മലബാര്‍ ഡെവലപപ്പ്‌മെന്റ് ഫോറം അടക്കുമുളള സംഘടനകളും എം.പിമാരും, എം.എല്‍.എമാരും പ്രവാസികളും രംഗത്തു വന്നതോടെ നടപടി വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി കണ്ണൂരിന്റെ മുഖ്യമന്ത്രിയാണെന്ന രീതിയില്‍ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ വിവാദമൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
വിമാന ഇന്ധന നികുതി കരിപ്പൂര്‍ ഉള്‍െപ്പടെയുളള വിമാനത്താവളങ്ങള്‍ക്ക് നാലോ, അഞ്ചോ ശതമാനമാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ജി.എസ്.ടി ഫെസിലിറ്റേഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ച നടക്കും. മന്ത്രി തോമസ് ഐസക് യേഗത്തില്‍ സംബന്ധിക്കുന്നുണ്ട്. നികുതി ഇളവ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. കണ്ണൂരില്‍ ഒരു ശതമാനം ഇന്ധന നികുതി ഈടാക്കുന്നത് കരിപ്പൂരില്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. കരിപ്പൂരില്‍ നിന്നുളള സ്‌പൈസ് ജെറ്റ് ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ വിമാനങ്ങള്‍ ഇതോടെ നിര്‍ത്തലാക്കി.
ഹജ് വിമാന സര്‍വീസുകളുടെ ആരംഭം കരിപ്പൂരില്‍ നിന്ന് നടത്താനുളള നടപടികളുമായിട്ടുണ്ട്. നിലവില്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഹജ് ആദ്യഘട്ട സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇവയില്‍ ഏതാനും വിമാന സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റി ആദ്യഘട്ട സര്‍വീസുകളാക്കി കരിപ്പൂരില്‍ നിന്ന് നടത്താനാണ് ശ്രമം. നെടുമ്പാശ്ശേരിയില്‍ നിന്ന് മാറ്റിയ സര്‍വീസുകള്‍ കരിപ്പൂരിലെ സര്‍വീസുകള്‍ നല്‍കിയും നികത്തും. ഇത് സംബന്ധിച്ച പ്രഖ്യാപനവും വൈകാതെയുണ്ടാകും