Sorry, you need to enable JavaScript to visit this website.

നെയ്യാറിലേക്കൊരു യാത്ര

അനന്തപുരിയിലെത്തിയ ആദ്യ നാളുകളിലെ മോഹമായിരുന്നു നെയ്യാറിലേക്കൊരു യാത്ര. പച്ചപ്പുകൾക്ക് മുകളിൽ നിന്നെത്തി നോക്കുന്ന കാളിപ്പാറ ലോകാംബിക ക്ഷേത്രത്തിൽ  നിന്നകലെയല്ലാതെ പശ്ചിമഘട്ടത്തിൻറെ കുഞ്ഞൻമലകൾ അതിരുകാക്കുന്ന നദി. കാടിൻെറ പ ച്ചപ്പുകളോടു ചേർന്നു കിന്നാരം ചൊല്ലിയൊഴുകുന്ന നദിക്കക്കരെ സിംഹവും കാട്ടാനയും കരടിയും കാട്ടുപൂച്ചയും മാനുകളും മുതലക്കുഞ്ഞുങ്ങളും പിന്നെ പേരറിയാത്ത കുറെ പക്ഷികളും. നെയ്യാർ എന്നു കേൾക്കുമ്പോഴെല്ലാം ഇതൊക്കെയായിരുന്നു മനസ്സിൽ. പിന്നെ അര നൂറ്റാണ്ടിലേറെ പ്രായമുള്ള നെയ്യാർ ഡാമും.


അവധി ദിനത്തിന്റെ  ആലസ്യങ്ങളൊന്നുമില്ലാതെ രാവിലെ തന്നെ തിരുവനന്തപുരത്തെ നെയ്യാർ ഡാമിലേക്കുള്ള യാത്രയ്ക്കായി ഒരുങ്ങി. തമ്പാനൂരിൽ നിന്നു ടൂവീലറിൽ യാത്ര തിരിക്കുമ്പോൾ ചിത്രങ്ങളിലൂടെയും പുസ്തകങ്ങളിലുടെയും കണ്ടറിഞ്ഞ നെയ്യാർ ഡാം മാത്രമായിരുന്നു മനസ്സിൽ. പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിലൂടെ തിരുമലയും പാപ്പനംകോടും പിന്നിട്ടായിരുന്നു നെയ്യാറിലേക്ക് യാത്ര. വെയിൽ കനത്തതോടെ യാത്രയ്ക്ക് ചെറിയൊരു ഇടവേള. നഗരത്തിരക്കുകളൊഴിഞ്ഞ നിരത്തിനരികിലെ കൊച്ചു ചായക്കടയിലേക്ക്. പഴംപൊരിയും ചായയും. തനി ഗ്രാമീണനായ മുടിയൊക്കെ നരച്ച അപ്പൂപ്പനോടു പറഞ്ഞു. രാവിലെ മുതൽ ഒന്നും കഴിക്കാതിരുന്നതിനാൽ വലിയ വിശപ്പുമായിരുന്നു. പക്ഷേ കൈയിൽ കിട്ടിയ പഴംപൊരി കണ്ടു ഞെട്ടി. തേങ്ങയും പഞ്ചസാരയും കപ്പലണ്ടിയും കശുവണ്ടിയുമൊക്കെ ചേർത്തുവെച്ച പഴം നിറച്ചത്. കഴിച്ചുതീരും മുൻപേ വയറുനിറഞ്ഞു. കൈ കഴുകിയിറങ്ങുമ്പോൾ നെയ്യാറിലേക്കുള്ള വഴിയും ചോദിച്ചു വീണ്ടും സഞ്ചാരം.
വാഴത്തോട്ടങ്ങൾ ഇരുവശവും നിറഞ്ഞുനിൽക്കുന്ന നിരത്തിലൂടെ കാട്ടാക്കട ബസ് സ്‌റ്റേഷനും പിന്നിട്ട് സഞ്ചാരം നീണ്ടു. നെയ്യാറിലേക്കെത്താൻ ഇനി ഏറെ ദൂരമില്ല. ചിലയിടങ്ങളിൽ വറ്റിവരണ്ടു കിടക്കുന്ന കനാലുകൾ. ഒരു നാൾ നെയ്യാർ ഡാമിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ചു പോയതാണിതിലെയെന്നു പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പൊടി പറത്തിക്കൊണ്ടു വേഗത്തിൽ പാഞ്ഞ ലോ ഫ്‌ളോർ ബസിൽ നെയ്യാർ ഡാമിലേക്കുള്ള വിദേശികൾ. സഞ്ചാരികളെ മോഹിപ്പിക്കുന്ന നെയ്യാറിലേക്കു വരുന്നവരിൽ പ്രാദേശികർ മാത്രമല്ല വിദേശികളുമെത്തുന്നുണ്ട്. ഒടുവിൽ നെയ്യാർ ഡാമിലെ പാർക്കിന് മുന്നിലെത്തി.


നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിന്റെ  മാതൃ വാത്സല്യവും നുകർന്ന് നിൽക്കുന്ന പ്രദേശത്താണ് നെയ്യാർ. ഡാമിൽ രണ്ടു വിഭാഗമായിട്ടാണ് കാഴ്ചകൾ. ഡാമും പാർക്കും നടന്നു കാണാം. പിന്നെയുള്ളത് രണ്ടു മൂന്നു ദ്വീപുകളാണ്. ബോട്ടിൽ കയറി വേണം ദ്വീപിലേക്ക് പോകാൻ. ആദ്യം പാർക്കിലേക്ക്. അത്ര തിരക്കൊന്നുമില്ല. അല്ലെങ്കിലും നട്ടുച്ചയ്ക്ക് പാർക്കിൽ അത്ര തിരക്കുണ്ടാകില്ലല്ലോ. പാർക്കിലേക്ക് ഒരാൾക്ക് അഞ്ചു രൂപയാണ് പ്രവേശന ഫീസ്. കലാരൂപങ്ങളുടെയും പൂന്തോട്ടക്കാരന്റെയും  പ്രതിമകൾ അവിടവിടെയുണ്ട്. 
വീതി കുറഞ്ഞ കല്ലു പാകിയ നടപ്പാതകളുണ്ട്. മരങ്ങളും ചെടികളും ചെറിയ വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഉദ്യാനത്തിൽ നിൽക്കുമ്പോൾ തന്നെ കേൾക്കാം ഡാമിൽ നിന്നു
കുത്തിയൊലിച്ചു വീഴുന്ന വെള്ളത്തിന്റെ  ശബ്ദം. 184 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഇളം മഞ്ഞയും മെറൂണും നിറത്തിലുള്ള ഡാമും ശാന്തമായി ഒഴുകുന്ന വലിയ നദിയും വന്യത ഒളിപ്പിച്ച കാടുമൊക്കെ കാണാം. കാട്ടിനുള്ളിലെ വലിയ അക്ഷരങ്ങളിലെഴുതിയ ലയൺ സഫാരി പാർക്ക് എന്ന ബോർഡ് കണ്ടതോടെ യാത്രയുടെ ആവേശം കൊടിമുടിയേറി. പാർക്കിലൂടെ നടന്ന് ഡാമിന്റെ ഗേറ്റിനരികിലെത്തി.
നട്ടുച്ച നേരത്തെ വെയിലിൽ കുട ചൂടിയാണു നടത്തമെങ്കിലും യാത്രയുടെ ആവേശം കെടുത്താനായില്ല. ഡാമിനു മുകളിലൂടെ വലതുവശത്തെ പാർക്കും ഇടതുവശത്തെ നദിയും കാടും കണ്ടു മുന്നിലേക്ക്. ഡാമിന്റെ  ഷട്ടറിനോടു ചേർന്നും പാർക്കിലേക്ക് തുറക്കുന്ന തരത്തിലുള്ള ഷട്ടറിന്റെ  മുൻഭാഗത്തും നവീകരണ ജോലികൾ നടക്കുന്നുണ്ട്. ഷട്ടർ തുറക്കുമ്പോൾ വെള്ളം ഒഴുകുന്ന പാർക്കിലെ  കനാലുകൾ വലുതാക്കുകയാണ്. വീണ്ടും മുന്നിലേക്ക്. നടന്നെത്തുന്നത് നിരീക്ഷണ ടവറിലാണ്. വളഞ്ഞുതിരിഞ്ഞുള്ള പടികൾ കയറി മുകളിലെത്തിയാൽ നെയ്യാർ ഡാമിൻെറ വിശാലത തൊട്ടടുത്തെന്ന പോലെ കാണാം. നദിയുടെയും കാടിന്റെയും ം സൗന്ദര്യം ആസ്വദിക്കാൻ കനത്ത ചൂടും മതിലുകൾ തീർത്തില്ല. ഇത്തിരി നേരം വാച്ച് ടവറിലും അതിനു താഴെയുള്ള സിമന്റ് ബെഞ്ചിലുമിരുന്നു കാറ്റും കൊണ്ടു വീണ്ടും നടക്കാൻ തുടങ്ങി.
ഇനി കാട്ടിലേക്ക്. ആരിലും ഭയത്തിന്റെ  നിഴൽപാടുകൾ വീഴ്ത്താൻ ഈ കാടുകൾക്കായേക്കും. അകലെ നിന്നു നോക്കുമ്പോൾ പുഴയ്ക്കും കാടിനും വല്ലാത്ത ശാന്ത ഭാവമാണ്. എന്നാൽ ശാന്തമായൊഴുകുന്ന പുഴയിൽ ചീങ്കണ്ണികളുണ്ടെന്ന വാർത്തകളും കാടിന്നുള്ളിൽ സിംഹവും കടുവയുമൊക്കെയുണ്ടെന്നതും കുറച്ചൊക്കെ പേടിപ്പിച്ചു. ചുറ്റും മരങ്ങൾ നിറഞ്ഞ ടാറിട്ട റോഡിലേക്ക്.  ഇതു വഴിയാണ് കാട്ടിലേക്ക് പോകേണ്ടതെന്നു അടുത്ത് കട നടത്തുന്ന ചേച്ചി. മാങ്ങയും നെല്ലിക്കയും ഉപ്പിലിട്ടതും കരിക്കും സംഭാരവും നാരങ്ങാവെള്ളവും മിഠായി മധുരങ്ങളുമൊക്കെയായി നാലഞ്ച് കൊച്ചു കടകളുണ്ട്. എല്ലാത്തിലും തിരക്കുമുണ്ട്. ഇളനീരും കുടിച്ചു കപ്പലണ്ടി മിഠായിയും കൊറിച്ചുകൊണ്ടു കാട്ടിലേക്ക് നടന്നു.
ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ  ഓഫീസിനരികിലെത്തിയപ്പോൾ ബോട്ടിലേക്കാണെങ്കിൽ വേഗം ടിക്കറ്റെടുത്തോ.. ബോട്ട് ഇപ്പം പോകും.. വേഗം ടിക്കറ്റ് കൗണ്ടറിനരികിലേക്ക്.. രണ്ടു പേർക്ക് 500 രൂപ. ടിക്കറ്റും വാങ്ങി ബോട്ടിലേക്ക്. ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റൊക്കെ ധരിച്ച് കുട്ടികളും മുതിർന്നവരുമൊക്കെ യാത്രക്കൊരുങ്ങിയിരിക്കുകയാണ്. കാഴ്ചകളൊന്നും നഷ്ടമാകരുതെന്നു പറഞ്ഞു സ്രാങ്കിനു തൊട്ടുപിറകിലെ സീറ്റിലേക്ക്.
ഒരു മണിക്കൂർ നേരത്തേക്കാണ് യാത്ര. ഇതിനിടയിൽ ലയൺ സഫാരി പാർക്കും മാനുകളുടെ പാർക്കും ക്രോക്കോഡൈൽ റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെൻററുമൊക്കെ കാണണം. മെല്ലെയുള്ള യാത്രക്കിടയിൽ നദിക്കരയിലെ മരങ്ങളിലിരിക്കുന്ന പക്ഷികളെയും മയിലിനെയും കണ്ടു. പുഴയോടു ചേർന്നു കൊച്ചു വീടുകൾ. ചീങ്കണ്ണിയുള്ള പുഴയോടു ചേർന്നുള്ള വീട്.. ഇവിടുള്ളവർക്ക് പേടിയാകില്ലേ എന്നു മനസ്സിൽ ചോദിച്ചു വീണ്ടും കാട്ടിലേക്ക് നോക്കിയിരുന്നു. പുഴയ്ക്ക് നടുവിൽ മരങ്ങൾക്കിടയിൽ ഏറുമാടം പണിതുവെച്ചിരിക്കുന്നതു കാണാം. ബോട്ടിൽ നിന്നിറങ്ങി വാനിലേക്ക്. കാട്ടിനുള്ളിലേക്ക് വാനിലാണ് പോകേണ്ടത്. ചില്ലുജനലുകൾക്കപ്പുറത്തു കമ്പിയിഴകളുള്ള വലിയ വാനിലൂടെ കാടിനകത്തേക്ക്.
ചുറ്റും മരങ്ങൾ മാത്രം. ചിലയിടങ്ങളിൽ പകൽ വെളിച്ചം കുറവ്. വന്യമായ പാതയിലുടെയുള്ള യാത്ര ചെറിയൊരു സാഹസിക യാത്ര പോലെ തോന്നി. കാട്ടിലെ സിംഹങ്ങളുടെ അലർച്ചയുടെ സ്വരം പതിയെ അടുത്തടുത്ത് വന്നുതുടങ്ങി. ബസ് വഴിയിൽ കാണുന്ന ചെറിയ രമച്ചില്ലകളെയും നീണ്ടു വളർന്ന പുൽനാമ്പുകളെയും വകഞ്ഞു മാറ്റിക്കൊണ്ടു മുന്നിലേക്ക്. കാട്ടിലൂടെ ഏറെ ദൂരം സഞ്ചരിക്കാമെന്ന മോഹത്തിന് മേലേക്ക് ഒരു സിംഹം ചാടി വീണു. ദാ.. കാട്ടിനുള്ളിലെ ചെമ്മൺപാതയിൽ സിംഹരാജൻ. ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തിയിട്ടു. ഒന്നല്ല വേറെ രണ്ടു സിംഹം കൂടിയുണ്ട്. രണ്ടു പെണ്ണും ഒരാണും. മരത്തണലിൽ ശാന്തമായി കിടക്കുകയാണ് പെൺസിംഹങ്ങൾ. വണ്ടിക്കു മുന്നിൽ ശൗര്യം കാണിച്ചു നിൽക്കുന്ന ആൺസിംഹം മെല്ലെ നടന്നു വണ്ടിയെ മുട്ടിയുരുമ്മി പെൺസിംഹങ്ങൾക്കരികിലേക്ക്. പ്രായത്തിന്റെ  അവശതകളിലുള്ള ആൺസിംഹത്തിന്റെ  നടപ്പു പോലും ദയനീയമാണ്. സിംഹത്തെ കണ്ട പാടെ വണ്ടിയിലുള്ളവരൊക്കെ ക്യാമറയിൽ ചിത്രം പകർത്താൻ തുടങ്ങി. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ സിംഹങ്ങൾ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന പോലെ തോന്നി. കുറച്ചു നേരത്തിനു ശേഷം ഡ്രൈവർ ബസ് തിരിച്ചു ബോട്ടിനടുത്തേക്ക് വിട്ടു. വീണ്ടും ബോട്ടിലേക്ക്. ബോട്ട് രണ്ടാമത്തെ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഇവിടെ നിന്നു ദ്വീപും സന്ദർശിച്ചതിനു ശേഷം തിരിച്ചു വന്നു ബോട്ടിൽ കയറണമെന്നു െ്രെഡവർ. രണ്ടാമത്തെ ദ്വീപിൽ മുതലകളും മാനുകളുമാണ്. ആദ്യം മാനുകളെ കാണാൻ. പുഴയോടു ചേർന്നു കിടക്കുന്ന കല്ലും മരങ്ങളും നിറഞ്ഞ വഴിത്താരയിലൂടെ അൽപദൂരം നടക്കണം. ഏറെ നടന്നതിനൊടുവിൽ കുറച്ചു മാനുകളെ കണ്ടു. തിരികെ നടന്നെത്തുന്നതു മുതല പാർക്കിലേക്ക്. കെട്ടിയുണ്ടാക്കിയ കുറച്ചു ടാങ്കുകളിൽ മുതലകളെ വളർത്തുന്നു. കുഞ്ഞു മുതലകൾക്ക് പ്രത്യേകം കൊച്ചു ടാങ്കുകൾ. വലുതിന് വലിയ ടാങ്കും. പ്രമുഖ മുതല വേട്ടക്കാരനായ സ്റ്റീവ് ഇർവിന്റെ  ഓർമയ്ക്കായി നിർമിച്ചതാണിത്. പക്ഷേ കാര്യമായ പരിചരണമൊന്നും ഈ മുതലപ്പാർക്കിനു ലഭിക്കുന്നില്ലെന്നതാണ് സത്യം.  കുറച്ചുനേരം കൂടി കാട്ടിലൂടെ സഞ്ചരിക്കണമെന്ന മോഹം ബാക്കിയാക്കി ബോട്ടിലേക്ക്. ബോട്ടിൽ നിന്നു വീണ്ടും നെയ്യാർ ഡാമിലൂടെ ഉദ്യാനത്തിലേക്ക്.. ചൂട് കുറഞ്ഞിരിക്കുന്നു. നേരം വൈകുന്നേരമാകുന്നു. കാട് സമ്മാനിച്ച യാത്രയുടെ ദൃശ്യങ്ങൾ മനസ്സിൽ നിന്നു മായാതെ തിരികെ മടങ്ങി.                                -ജെ.ആർ 


 

Latest News