റിയാദ് - രാജ്യത്ത് നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താനും വാണിജ്യ രംഗത്ത് വിശ്വാസ്യതയും മത്സരക്ഷമതയും വര്‍ധിപ്പിക്കാനും ആവശ്യമായ നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചു.
വാണിജ്യ വഞ്ചനകള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമങ്ങളും നിര്‍മിക്കണം. വിദേശങ്ങളിലെ സൗദി എംബസികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൊമേഴ്സ്യല്‍ അറ്റാഷെകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരത്തണം. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടത്തണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ബിനാമി ബിസിനസ് തടയുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ശൂറാ കൗണ്‍സിലിന് സമര്‍പ്പിക്കുന്ന അടുത്ത വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഹജ്, ഉംറ മന്ത്രാലയത്തിനു കീഴില്‍ സാമൂഹിക പ്രതിബദ്ധതാ, സന്നദ്ധ പ്രവര്‍ത്തന വിഭാഗം ആരംഭിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ് ടെര്‍മിനലിന്റെ പടിഞ്ഞാറു ഭാഗം പ്രവര്‍ത്തന സജ്ജമാക്കണം. ലഭ്യമാകുന്ന സേവനങ്ങളില്‍ തീര്‍ഥാടകരുടെ അഭിപ്രായം അറിയുന്നതിനുള്ള സര്‍വേകള്‍ വ്യാപിപ്പിക്കണം. സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും അഭിപ്രായങ്ങള്‍ തേടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. തീര്‍ഥാടന കര്‍മം എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ഹജ്, ഉംറ മന്ത്രാലയം കൂടിയാലോചിക്കണമെന്നും സ്പീക്കര്‍ ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.