റിയാദ് -റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ലൈവ് സംഗീത, കോമഡി പരിപാടികളും മാജിക്കും അവതരിപ്പിക്കുന്നതിന് ലൈസൻസുകൾ അനുവദിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ പുതിയ തന്ത്രം പരസ്യപ്പെടുത്തുന്നതിന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്സമയ സംഗീത, കോമഡി, മാജിക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിന് സൗദികൾക്കാണ് മുൻഗണന നൽകുകയെന്നും തുർക്കി ആലുശൈഖ് പറഞ്ഞു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ പുതിയ ലോഗോ ചടങ്ങിൽ അനാവരണം ചെയ്തു. വിനോദ, സാംസ്‌കാരിക, കായിക വിനോദ പരിപാടികൾക്ക് ലൈസൻസ് നൽകുന്നതിനും ടിക്കറ്റ് വിൽപനക്കുമുള്ള പുതിയ പോർട്ടലും ചടങ്ങിൽ കമ്മീഷൻ ചെയ്തു. പോർട്ടലിന്റെ അതേപേരിൽ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. വിനോദ മേഖലയിൽ ഏതാനും പ്രദേശിക, അന്താരാഷ്ട്ര കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള കരാറുകളും ചടങ്ങിനിടെ ഒപ്പുവെച്ചു.
ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പരിപാടികൾ നടത്തുന്നതിന് ഇറ്റാലിയൻ കമ്പനിയായ ബാലീഷ്, ജപ്പാൻ കമ്പനിയായ അവെക്‌സ്, ബ്രോഡ്‌വേ എന്റർടൈൻമെന്റ്, ഇൻവെൻഷൻസ് 1001 എന്നീ കമ്പികളുമായി ചടങ്ങിനിടെ കരാറുകൾ ഒപ്പുവെച്ചു. മുനിനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുമായും അതോറിറ്റി ധാരണാ പത്രങ്ങൾ ഒപ്പുവെച്ചു. ആഗോള വിനോദ, സാംസ്‌കാരിക, കായിക വിനോദ പരിപാടികൾ സൗദിയിലേക്ക് ആകർഷിക്കുന്നതിന് സില കമ്പനിയുമായും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ധാരണാ പത്രം ഒപ്പുവെച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച നാലു വിനോദ കേന്ദ്രങ്ങളിലും ലോകത്തെ ഏറ്റവും മികച്ച പത്തു വിനോദ കേന്ദ്രങ്ങളിലും സൗദി അറേബ്യയെ ഉൾപ്പെടുത്തുന്നതിനാണ് നീക്കമെന്ന് തുർക്കി ആലുശൈഖ് പറഞ്ഞു. സാമ്പത്തിക വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹാകയമായ വിനോദ മേഖലയെ സൗദിയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഭരണാധികാരികൾ ആഗ്രഹിക്കുന്നത്.
അടുത്ത റമദാനിൽ ഏറ്റവും മനോഹരമായ ഖുർആൻ പാരായണത്തിനുള്ള മത്സരവും ബാങ്ക് വിളി മത്സരവും സംഘടിപ്പിക്കും. മദീന പലായനത്തിനിടെ പ്രവാചകൻ മുഹമ്മദ് നബി (സ) കടന്നുപോയ പാതകളിലൂടെ ഹിജ്‌റ യാത്ര മത്സരവും സംഘടിപ്പിക്കും. ലോകത്തെ എല്ലാ രാജ്യക്കാർക്കും ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാകും. ഏറ്റവും മനോഹരമായി ഖുർആൻ പാരായണം ചെയ്ത് ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് 50 ലക്ഷം റിയാൽ സമ്മാനം ലഭിക്കും. ഖുർആൻ മത്സരത്തിൽ ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. പുണ്യമാസത്തിൽ മക്കയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന് ഹറംകാര്യ വകുപ്പും ഇസ്‌ലാമികകാര്യ മന്ത്രാലയവും മേൽനോട്ടം വഹിക്കും.
സൈനികർക്കുവേണ്ടി മാത്രമായി പ്രത്യേക മത്സരവും സംഘടിപ്പിക്കും. സൗദി അറേബ്യയുടെ എല്ലാ പ്രവിശ്യകളിലും വൈവിധ്യമാർന്ന വിനോദ, സാംസ്‌കാരിക, കായിക വിനോദ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. വിനോദ മേഖലയിലെ എല്ലാ രംഗങ്ങളിലും സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും തുർക്കി ആലുശൈഖ് പറഞ്ഞു. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും സൗദി പത്രങ്ങളുടെ എഡിറ്റർ ഇൻ ചീഫുമാരും വിദേശ മാധ്യമപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.സൗദിയിൽ ഖുർആൻ മനഃപാഠ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്നതിനു മാത്രമായി മത്സരങ്ങളില്ല. സൗദിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സരങ്ങളിൽ ഏറ്റവും പ്രധാനം വിശുദ്ധ ഹറമിൽ സംഘടിപ്പിക്കുന്ന കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരമാണ്.