Sorry, you need to enable JavaScript to visit this website.

കുഞ്ഞമ്മദിന്റെ ആ സ്‌കൂട്ടര്‍ ഇപ്പോഴുമുണ്ട്; കണ്ടെത്തിയത് പഴയ സഹപ്രവര്‍ത്തകന്‍

മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സ്‌കൂട്ടറിന്റെ കഥ പറയുകയാണ് ഗള്‍ഫില്‍ മാധ്യമ പ്രവര്‍ത്തകനായ എ.എം. ഹസ്സന്‍. ഫേസ് ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം.


പച്ച നിറമുള്ള ആ സ്‌കൂട്ടര്‍

എ.എം.ഹസ്സന്‍

ഒരിക്കല്‍ കൂടി ആ സ്‌കൂട്ടര്‍ കണ്ടു, 1997ന് മുന്‍പ് പതിറ്റാണ്ടിലേറെക്കാലം പലവട്ടം പിറകിലിരുന്ന് യാത്രചെയ്ത സ്‌കൂട്ടര്‍. അന്ന് ചന്ദ്രികയില്‍ സഹപ്രവര്‍ത്തകനായ കുഞ്ഞമ്മദ് വാണിമേലിന്റേതാണ് നര്‍മ്മദ പ്രിന്‍സ് സ്‌കൂട്ടര്‍.
സ്റ്റാച്യുവിലെ ഓഫീസില്‍നിന്ന് പൂജപ്പുരയില്‍ കുഞ്ഞമ്മദ് താമസിച്ചിരുന്ന വീട്ടിലേക്കാണ് മിക്കപ്പോഴും സ്‌കൂട്ടറില്‍ യാത്ര ചെയ്തിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ  തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ കുഞ്ഞമ്മദ് വാണിമേലിന്റെ എന്‍സിസി നഗറിലെ ജേണലിസ്റ്റ് കോളനിയിലെ വസതിയില്‍ എത്തിയപ്പോള്‍ കെട്ടിടത്തിനകത്തെ ഷെഡില്‍ അതാ ഭഅവന്‍ഭ കിടക്കുന്നു. 1983 മുതല്‍ 1999ല്‍ സൌദിയിലെ മലയാളം ന്യൂസിലേക്ക് ചേക്കേറുന്നത് വരെ കുഞ്ഞമ്മദിനെയും വഹിച്ച് തിരുവനന്തപുരത്തെ പാത താണ്ടിയ പച്ചനിറമുള്ള സ്‌കൂട്ടര്‍ ഷെഡിന്റെ ഓരത്ത് കുതിപ്പിനൊടുവില്‍ കിതപ്പുമായി കഴിയുന്ന ജവാനെപോലുണ്ട്. തൊട്ടടുത്ത് കുഞ്ഞമ്മദിനെ ഇപ്പോള്‍ വഹിക്കുന്ന പുത്തന്‍തലമുറ സ്‌കൂട്ടറും.
കുഞ്ഞമ്മദ് വാണിമേല്‍ ഉള്‍പ്പെടെ തിരുവനന്തപുരത്തെ പത്തോളം പത്രപ്രവര്‍ത്തകര്‍ 1983ല്‍ സ്‌കൂട്ടറോ ബൈക്കോ കാറോ വാങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട്. അക്കാലത്ത് പിടിഐ ലേഖകനായിരുന്ന എന്‍.മുരളീധരനാണ് അക്കഥ പറഞ്ഞുതന്നത്.
ദേശസാല്‍കൃത ബാങ്കിന്റെ തലവന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് കുഞ്ഞമ്മദ് ഉള്‍പ്പെടെയുള്ളവരെ ശകടം ഉടമകളാക്കുന്നത്. ബാങ്ക് നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വാതോരാതെ വിവരിക്കുകയായിരുന്നു ബാങ്ക് മേധാവി. വായ്പ എടുക്കാന്‍ പോകുന്നവരെ, എങ്ങനെയെല്ലാം നിരുത്സാഹപ്പെടുത്തി പറഞ്ഞയക്കാമെന്നതില്‍ ബിരുദാനന്തര ബിരുദമെടുത്തവരായിരുന്നു അക്കാലത്ത് ബാങ്ക് ഉദ്യോഗസ്ഥര്‍. ന്യൂജെന്‍ ബാങ്കുകളും രാജ്യാന്തര ബാങ്കുകളും സ്വകാര്യ ബാങ്കുകളുമൊന്നും പ്രചാരത്തില്‍ ഇല്ലാത്ത കാലം. ഇന്നിപ്പോള്‍ വാഹനവായ്പ ഉള്‍പ്പെടെ വായ്പ എടുപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയാണ്. എങ്ങനെയെങ്കിലും ഒരു വായ്പ ഓരോരുത്തരുടെയും തലയില്‍ വച്ചുകെട്ടാന്‍ ബാങ്കുകളുടെ മത്സരവും. ഒരു രൂപപോലും  മുടക്കാതെ ഇന്നിപ്പോള്‍ വാഹനം കൈപ്പറ്റാം. തുക തവണകളായി അടച്ചാല്‍ മതിയാകും. അന്ന് വായ്പ എന്നത് കിട്ടാക്കനിയും വായ്പാ വ്യവസ്ഥകള്‍ കടുകട്ടിയും.
തങ്ങളുടെ ബാങ്ക് ഉദാരമനസ്‌കരാണെന്ന് ബാങ്ക് മേധാവിയുടെ ഭതള്ള്ഭ കേട്ട മുരളീധരന്‍ നിരുപദ്രവമായി ഒരു ചോദ്യം ചോദിച്ചുവെന്നേയുള്ളൂ. പത്രക്കാര്‍ക്ക് വാഹന വായ്പ നല്‍കാന്‍ ലളിത വ്യവസ്ഥകളോട് കൂടിയ വല്ല പദ്ധതിയുമുണ്ടോ?
ചോദ്യം പൂര്‍ത്തിയാകും മുന്‍പെ ബാങ്ക് മേധാവിയുടെ ഓഫര്‍ വന്നു. പത്രക്കാരെ വരൂ, പലിശയില്ലാതെ വായ്പ തരാം. ഇന്ന് അപേക്ഷിച്ചാല്‍ നാളെ വായ്പ എന്ന തോതിലുള്ള വാഗ്ദാനവും.
ദിവസങ്ങള്‍ കഴിഞ്ഞ് ബാങ്കിന്റെ റീജണല്‍ മാനേജറെ സമീപിച്ചപ്പോള്‍ മുരളീധരന് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. മേധാവിയുടെ പ്രഖ്യാപനം റീജണല്‍ മാനേജരും വാര്‍ത്താസമ്മേളത്തില്‍ കേട്ടതാണ്. പറഞ്ഞിട്ടെന്ത് കാര്യം. ഇല്ലാത്ത പദ്ധതിയെങ്ങനെ ആശാന്‍ നടപ്പാക്കും. ഏതായാലും മേധാവിക്കൊരു കത്തയക്കാമെന്നും പറഞ്ഞ് റീജണല്‍ മാനേജര്‍ മുരളിയെ തിരിച്ചയച്ചു.
താമസിയാതെ മുരളിയെ തേടി റീജണല്‍ മാനേജരുടെ വിളിയെത്തി. സംഗതി പാസായിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചുപോയില്ലേ. പത്രക്കാരെ വെറുപ്പിക്കേണ്ട. പത്ത് പത്രക്കാര്‍ക്ക് മാത്രം അനുവദിക്കാം. പതിനൊന്നാമത് ഒരാളെ അറിയിക്കരുതെന്ന അപേക്ഷയും.
പത്ത് പേരെ തേടുക എന്നതായി മുരളിയുടെ അടുത്ത ശ്രമം. അടുപ്പക്കാരോടായി ആദ്യം. അക്കൂട്ടത്തില്‍ കുഞ്ഞമ്മദ് വാണിമേലുമുണ്ട്. പിടിഐയില്‍ മുരളിയുടെ സഹപ്രവര്‍ത്തകനായിരുന്ന ശ്രീകുമാര്‍ യമഹ ബൈക്കും കൊതിച്ച് കഴിയുന്ന കാലമായിരുന്നു. ശ്രീകുമാറിനെയും കൂട്ടി. യുഎന്‍ഐയിലുണ്ടായിരുന്ന് കെവിഎസ് നായര്‍ മാരുതി 800 കാറിന് തന്നെ അപേക്ഷിച്ചു. മുരളിയും വാങ്ങി ഒരു ബൈക്ക്.
ഈ പറഞ്ഞവരുടെയൊക്കെ വാഹനങ്ങളില്‍ ചിലപ്പോഴെങ്കിലും സഹയാത്രികനാകാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.
കാലമെത്ര കഴിഞ്ഞു. മുരളിയുടെയും മറ്റുള്ളവരുടെയും വാഹനങ്ങള്‍ എവിടെയെന്ന് അവര്‍ക്ക് പോലും അറിയില്ല ഇപ്പോള്‍. കുഞ്ഞമ്മദ് വാണിമേലിന്റെ സ്‌കൂട്ടര്‍ താമസ സ്ഥലത്ത് പൊടിപിടിച്ച് കിടക്കുന്നു. 28 വര്‍ഷത്തോളം കുഞ്ഞമ്മദിനെയും വഹിച്ച് അന്‍ അനന്തപുരിയില്‍ സഞ്ചരിച്ച ശകടം.
(പിന്‍കുറിപ്പ്: കുഞ്ഞമ്മദ് വാണിമേലിന്റെ സ്‌കൂട്ടര്‍ യാത്രയ്ക്ക് പ്രത്യേക താളമാണെന്ന് സാക്ഷ്യപ്പെടുത്തും ചന്ദ്രികയില്‍ സഹപ്രവര്‍ത്തകനായിരുന്നു വേലായുധന്‍ പിള്ള. ട്രാഫിക് സിഗ്‌നലുകളൊന്നുമില്ലാതിരുന്ന അക്കാലത്ത് പിറകെ വരുന്ന വാഹനങ്ങള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കുന്ന കുഞ്ഞമ്മദിന്റെ കൈ കൊണ്ടുള്ള ആംഗ്യത്തിന് പ്രത്യേക താളമായിരുന്നു. ഓര്‍ത്തു നോക്കുമ്പോള്‍ അത് അങ്ങനെ തന്നെയായിരുന്നു. ചിലപ്പോള്‍ കൈ ഉയരുക മേല്‍പോട്ടായിരുന്നുവെന്നും പിള്ള പറയുന്നു.)

 

 

Latest News