Sorry, you need to enable JavaScript to visit this website.

സമഭാവനയുടെ സൽകർമങ്ങൾ

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പേരക്കുട്ടിയോടൊപ്പം.

ഒരു നേരത്തെ വിശപ്പടക്കാൻ കഴിയാത്ത ആയിരങ്ങൾ ലോകത്തുണ്ടെന്നുളള വീണ്ടുവിചാരം ഇത്തരം സന്ദർഭങ്ങളിൽ നമുക്കുണ്ടാവണം.പരിശുദ്ധ റമദാന്റെ യഥാർത്ഥ സന്ദേശം ഉൾക്കൊള്ളാൻ അത് വഴിയേ കഴിയുകയുള്ളൂ.

പാണ്ഡിത്യത്തിന്റെ പ്രൗഢിയിലും ലാളിത്യത്തിന്റെ മുഖമുദ്രയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്. റമദാൻ നോമ്പിന്റെ പകലിൽ ഇസ്‌ലാമിക വിജ്ഞാന  ലോകത്ത് പണ്ഡിത ശോഭകൂടിയായ ജിഫ്രി മുത്തുക്കോയ തങ്ങൾ തവനൂർ മുണ്ടിലാക്കൽ വീട്ടിലിരുന്ന് ഇന്നലെകളിലേക്ക് നടന്നു. അദ്ദേഹം നോമ്പോർമയിൽ കുസൃതി നിറഞ്ഞ കുട്ടിയായി മാറിയത് പെട്ടെന്നായിരുന്നു. ഓർമകൾ പങ്കിടുമ്പോൾ കേൾവിക്കാരനായി പേരക്കുട്ടിയും ഞങ്ങൾക്കൊപ്പം ചേർന്നു. പരിശുദ്ധ റമദാൻ വിശ്വാസികളുടെ ആത്മീയ സമ്പുഷ്ടിക്കായി അല്ലാഹു നിശ്ചയിച്ച പരിശീലന മാസമാണ്. ആയതിനാൽ തന്നെ റമദാനിലെ ചില ഓർമകളും നടന്ന വഴികൾക്കും എന്നും ഭക്തി നിറഞ്ഞതാണ്.
   നോമ്പ് വരാൻ കാത്തിരുന്ന കാലഘട്ടമായിരുന്നു ചെറുപ്പകാലം. കാരണം നോമ്പു തുറക്കുന്ന സമയത്തും അത്താഴത്തിനുമുളള പ്രത്യേക ഭക്ഷണം കിട്ടുമെന്നത് തന്നെയായിരുന്നു കുട്ടിക്കാലത്തെ സന്തോഷം. വറുതിയുടെ കാലത്ത് നോമ്പിന് വിഭവങ്ങളുണ്ടാകും. റമദാൻ മാസപ്പിറവി അറിയാൻ ഇന്നത്തെപ്പോലെ ഇലക്‌ട്രോണിക് മാധ്യമങ്ങളില്ലാത്ത കാലമാണ്. മാസപ്പിറവി അറിഞ്ഞാൽ അങ്ങാടിയിൽ നിന്ന് ഉച്ചത്തിലുള്ള കൂവൽ കേൾക്കാം. പള്ളികളിൽ നിന്ന് 'നഖാര' മുഴക്കവുമുണ്ടാവും. പാതിര വരെ റമദാൻ പിറവി പ്രതീക്ഷിച്ചു കാത്തിരിക്കും. നോമ്പ് ഉറപ്പിച്ചതറിഞ്ഞാൽ പിന്നെ അത്താഴത്തിനുള്ള വിഭവങ്ങളൊരുക്കുന്ന തിരക്കിലായി കുടുംബിനികൾ.
   ഏഴാം വയസ്സിലാണ് ആദ്യ നോമ്പ് എടുക്കുന്നത്. വീട്ടിൽ വല്യുമ്മ നിബന്ധനകളും ചിട്ടകളുമുള്ളയാളായിരുന്നു. ആദ്യ നോമ്പിന് വല്ലാത്ത കാഠിന്യമായിരുന്നു. വീട്ടിൽ വല്യുമ്മ ഏത് നേരവും ശ്രദ്ധിക്കുന്നുണ്ടാവും. ഉച്ചയായതോടെ തൊണ്ടവറ്റി വിശപ്പ് കൂടി. അന്ന് ഞങ്ങളുടെ പറമ്പിൽ വീടിന് അകലെയായി ഒരു കുളമുണ്ടായിരുന്നു. നിറയെ വെള്ളം നിറഞ്ഞ് നിൽക്കുന്ന കുളം. നോമ്പുകാരനായ ഞാൻ കുളത്തിലേക്ക് കുളിക്കാൻ പോയി. ആരും കാണാതെ വയറ് നിറയെ വെളളം കുടിച്ചു. കുളികഴിഞ്ഞ് വല്യുമ്മയുടേയും വീട്ടുകാരുടേയും മുമ്പിൽ നോമ്പുകാരനായി നിന്നു. എല്ലാവർക്കും സന്തോഷം. പിന്നീട് റമദാൻ 27-ാം രാവിൽ രണ്ടാമത്തെ നോമ്പ്. അന്നും കുളത്തിലെ വെള്ളം കുടിച്ച് വല്യുമ്മയുടെ അടുത്തെത്തിയപ്പോൾ അവർ പറഞ്ഞു. കുട്ടികൾക്ക് കുറച്ചൊക്കെ വെള്ളം കുടിക്കാം എന്ന്. ഇതോടെയാണ് വല്യുമ്മ എന്റെ നോമ്പിലെ വെള്ളം കുടി കണ്ടെത്തിയത് ഞാനറിയുന്നത്.
   നോമ്പിന്റെ വിഭവങ്ങളൊരുക്കുന്നതിലും വല്യുമ്മയുടെ ഇടപെടലുണ്ടാകും. അരി പൊടിച്ച് നോമ്പിന് മുമ്പ് തന്നെ ശേഖരിച്ചു വെക്കും. നോമ്പ് തുറക്ക് നേർമപ്പത്തിരിയാണ് പ്രധാന വിഭവം. ഇത് കുഴച്ച് പരത്തി വൃത്തത്തിലുള്ള കിണ്ണം കൊണ്ട് മുറിച്ചെടുത്താണ് വല്യുമ്മ പത്തിരിയുണ്ടാക്കുക. കിണ്ണം കൊണ്ട് മുറിക്കുമ്പോൾ പത്തിരി അമ്പിളി വട്ടംപോലെയായി മാറും. തേങ്ങ അരച്ച കോഴിക്കറിയും വല്യുമ്മയുടെ പ്രധാന കറിയാണ്. നോമ്പ് കാലത്ത് 250 ഗ്രാം ഇറച്ചിയെങ്കിലും വാങ്ങാത്തവർ കുറവായിരിക്കും. ഇതോടൊപ്പം തന്നെ തരിക്കഞ്ഞിയുണ്ടാകും. ക്ഷീണം അകറ്റാനാണ് തരിക്കഞ്ഞി. നോമ്പുകാലത്ത് വല്യുമ്മയുടെ കൈയിലാവും കാരക്കയുണ്ടാവുക. ഒരു കാരക്ക നാലായി മുറിച്ച് ഓരോ കഷ്ണം വീതം നൽകും. ഇന്ന് യഥേഷ്ടം നമുക്ക് വാങ്ങാൻ കഴിയും. എന്നാൽ അന്നത്തെ ആ കാരക്കയുടെ ചെറുകഷ്ണത്തിന്റെ മാധുര്യം ഇന്നില്ലെന്ന് ഉറപ്പിച്ച് പറയാനാകും. രാത്രിയിൽ തറാവീഹ് നമസ്‌കാരം കഴിഞ്ഞെത്തിയാൽ ജീരകക്കഞ്ഞിയോ ഉലുവാ കഞ്ഞിയോ ഉണ്ടാകും. അതിലേക്ക് ചേരും പടിയായി നേന്ത്രക്കായയുടെ വിഭവവും.
   അത്താഴത്തിന് ചൂടുളള വിഭവം കഴിക്കണമെന്ന് പിതാവിനും വല്യുമ്മക്കുമെല്ലാം നിർബന്ധമായിരുന്നു. ആയതിനാൽ അർധരാത്രി ഉമ്മയും മറ്റും എഴുന്നേറ്റ് ചോറും കറിയും വെക്കും. ചോറിൽ പഴം കുഴച്ച് കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. നോമ്പ് തുറ സമയത്ത് ഇന്നത്തെ പോലെ ജ്യൂസ് ഒന്നുമില്ലെങ്കിലും തരിക്കഞ്ഞിയും ഇളനീരുമുണ്ടായിരുന്നു. 
ഇളനീര് രാവിലെ തന്നെ പറമ്പിലെ കുളത്തിലിടും. വൈകുന്നേരം വെള്ളത്തിൽ നിന്നെടുക്കുമ്പോൾ തണുപ്പുണ്ടാകും. ആ ഇളനീരിന് ഇന്നത്തെ ജ്യൂസിനേക്കാളും രുചിയുണ്ടായിരുന്നു. ഇളനീര് പളളിയിലെ ഹൗളിലും (നമസ്‌കാരത്തിന് അംഗശുദ്ധിവരുത്തുന്നതിനായി തയ്യാറാക്കിയ ജലസംഭരണി) കൊണ്ടിടുന്നവരുണ്ടായിരുന്നു.
  നോമ്പ് തുറകൾ വീടുകളിലായിരുന്നു അന്നത്തെ കാലത്ത് സജീവമായിരുന്നത്. ആളുകൾ കൂടുതലുള്ളതും കുറവുള്ളതുമായ നോമ്പുതുറകളുണ്ടാകും. ഇവർക്കെല്ലാമുള്ള വിഭവങ്ങൾ അയൽവാസികളായ സ്ത്രീകളെല്ലാം ഒത്തുചേർന്നാണ് തയ്യാറാക്കുക. അരവിനുളള അമ്മി, പത്തിരി തയ്യാറാക്കാനുളള പലക, കുഴൽ ഇവയുമായാണ് ഓരോ സ്ത്രീകളും എത്തുക. ആ കൂട്ടായ്മകൾ ഇന്ന് നിലനിർത്തുന്നത് ചുരുക്കം ആളുകളാണ്. എല്ലാവരും തന്നിലേക്ക് ചുരുങ്ങുകയാണ്. എന്നാൽ നോമ്പ് എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന സമഭാവനയുടെ സൽകർമമാണ്.
ഇഫ്താറുകളിൽ പങ്കെടുക്കുന്നത് കുറവാണ്. വീട്ടിൽ കുടംബത്തോടൊപ്പം നോമ്പ് തുറക്കുന്നതിനോടും അയർപക്കങ്ങളിലെ സൗഹൃദ നോമ്പുതുറയോടുമാണ് എനിക്കിന്നുമിഷ്ടം. പരിശുദ്ധ റമദാനിൽ നോമ്പെടുക്കാത്ത വിശ്വാസികൾ ഇന്ന് വളരെ കുറവാണ്. ചെറുപ്പത്തിൽ നോമ്പ് എടുക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരാളെ ചിരട്ടമാല ഇട്ട് പിടികൂടിയ കാഴ്ച ചെറുപ്പത്തിൽ നാട്ടിൽ വെച്ച് കാണാനിടയായിട്ടുണ്ട്. ഇന്ന് ഭക്തി ആളുകളിലുണ്ടെങ്കിലും ചില പ്രവർത്തന രീതികൾ ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്തതാണ്. ഇന്ന് ആവശ്യത്തിലേറെ വിഭവങ്ങൾ കാഴ്ചക്ക് വിളമ്പി പിന്നീട് ഒഴിവാക്കുന്നത് കണ്ടുവരുന്നു.ഒരു നേരത്തെ വിശപ്പടക്കാൻ കഴിയാത്ത ആയിരങ്ങൾ ലോകത്തുണ്ടെന്നുളള വീണ്ടുവിചാരം ഇത്തരം സന്ദർഭങ്ങളിൽ നമുക്കുണ്ടാവണം.
പരിശുദ്ധ റമദാന്റെ യഥാർത്ഥ സന്ദേശം ഉൾക്കൊള്ളാൻ അത് വഴിയേ കഴിയുകയുള്ളൂ.

Latest News