റാബിഗ് - അഞ്ചംഗ മദ്യനിർമാണ സംഘത്തെ റാബിഗ് പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനിക്കു കീഴിൽ തൊഴിലാളികളുടെ താമസ സ്ഥലമായി ഉപയോഗിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് ഏഷ്യൻ വംശജരായ സംഘം മദ്യം നിർമിച്ചിരുന്നത്. ഇവിടെ തൊഴിലാളികൾ മദ്യം നിർമിക്കുന്നതായി റാബിഗ് പോലീസിൽ രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
രഹസ്യ നിരീക്ഷണത്തിലൂടെ നിജസ്ഥിതി ഉറപ്പു വരുത്തിയ ശേഷമാണ് മദ്യ നിർമാണ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തത്. മൂന്നു ഫിലിപ്പിനോകളും രണ്ടു ശ്രീലങ്കക്കാരുമാണ് റെയ്ഡിനിടെ അറസ്റ്റിലായത്. വൻ മദ്യ ശേഖരവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇവിടെ കണ്ടെത്തി. നിയമ നടപടികൾ സ്വീകരിക്കുന്നതിന് പ്രതികൾക്കെതിരായ കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷന് റാബിഗ് പോലീസ് കൈമാറിയിട്ടുണ്ട്.