തിരുവനന്തപുരം- സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരിലാണ് പരിശോധന. പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെയ്ഡ് നടന്നു. കാസര്‍കോട് ബേക്കല്‍, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡില്‍ മണല്‍ക്കടത്തിന് ഒത്താശ, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച തുടങ്ങിയവ കണ്ടെത്തി. കുമ്പള, ബേക്കല്‍ സിഐമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. സ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് കണ്ണൂരില്‍ മൂന്ന് എസ്.എച്ച്.ഒ മാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. അടിമാലി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങള്‍ പ്രളയത്തില്‍ ഒഴുകി എത്തിയതാണെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ബേക്കല്‍, കോഴിക്കോട് ടൗണ്‍ സ്റ്റേഷനുകളില്‍നിന്നും സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പോലീസും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട ഗൂഢസംഘം ഉണ്ടെന്നാണു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ക്വാറി, ലോറി, ബ്ലേഡ് പലിശ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നു. എസ്.ഐമാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍, മണല്‍ ലോറികള്‍ വിട്ടുനല്‍കുന്നുവെന്നും കണ്ടെത്തി. വാഹനാപകടം അഭിഭാഷകരെ അറിയിച്ച് പോലീസ് കമ്മീഷന്‍ വാങ്ങുന്നുണ്ട്. 'ഓപ്പറേഷന്‍ തണ്ടര്‍' റെയ്ഡ് ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് പരിശോധന അപൂര്‍വമായി മാത്രമാണ് നടക്കാറുള്ളത്.