പെരിന്തല്‍മണ്ണ- അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു കനകദുര്‍ഗ കോടതിയെ സമീപിച്ചു. ശബരിമല കയറിയ സംഭവവുമായി ബന്ധപ്പെട്ടു അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയും ഭര്‍തൃമാതാവും തമ്മിലുണ്ടായ അടിപിടിയെത്തുടര്‍ന്നു പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കനകദുര്‍ഗ. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടു കനകദുര്‍ഗ
തിരിച്ചെത്തിയത്. എന്നാല്‍ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അതിക്രമത്തിനിരയാകുന്ന വനിതകള്‍ക്കു താത്കാലിക സംരക്ഷണവും നിയമസഹായവും നല്‍കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു കഴിഞ്ഞദിവസം രാത്രി പത്തരയോടെ കനകദുര്‍ഗയെ മാറ്റുകയായിരുന്നു. പെരിന്തല്‍മണ്ണ സി.ഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ കൃഷ്ണനുണ്ണിയും കനകദുര്‍ഗയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു ഇവരെ മാറ്റിയിരുന്നത്. ഇതിനുപിന്നാലെയാണ് തന്നെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു കനകദുര്‍ഗ കോടതിയെ സമീപിച്ചത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഇതുസംബന്ധിച്ചെത്തിയ നിര്‍ദേശം പുലാമന്തോളിലെ ഗ്രാമ കോടതിയിലേക്കു അയക്കുകയായിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ കേസ് ആയതിനാലാണ് പുലാമന്തോളിലേക്ക് അയച്ചത്. കോടതി നിര്‍ദേശമനുസരിച്ചു പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതേസമയം കനകദുര്‍ഗ താമസിക്കുന്ന കേന്ദ്രത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.