Sorry, you need to enable JavaScript to visit this website.

പി.കെ. ശശി പീഡന വിവാദം: എം.ബി. രാജേഷിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തില്‍

പാലക്കാട്- പി.കെ. ശശി എം.എല്‍.എയുമായി ബന്ധപ്പെട്ട പീഡന വിവാദത്തില്‍ കുരുങ്ങി എം.ബി. രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍. തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ചവരെ മല്‍സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന പാര്‍ട്ടി നിലപാട് പാലക്കാട് എം.പിയുടെ കാര്യത്തിലും നടപ്പിലാക്കണമെന്ന നിലപാടിലാണ് സി.പി.എം ജില്ലാ നേതൃത്വം. വിജയസാധ്യതയും പ്രവര്‍ത്തന മികവും കണക്കിലെടുത്ത് രാജേഷിന് ഒരവസരം കൂടി നല്‍കണമെന്ന ധാരണയില്‍ പാര്‍ട്ടി നേരത്തെ എത്തിയതായിരുന്നു. ഷൊര്‍ണൂര്‍ എം.എല്‍.എ ഉള്‍പ്പെട്ട പീഡന വിവാദത്തില്‍ പരാതിക്കാരിയുടെ പിറകില്‍ പാലക്കാട് എം.പി ആണെന്ന ആരോപണമാണ് ശശി ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നത്. പാര്‍ട്ടിതല അച്ചടക്ക നടപടിക്ക് വിധേയനായെങ്കിലും ഇപ്പോഴും പി.കെ. ശശിയെ അനുകൂലിക്കുന്നവര്‍ക്ക് തന്നെയാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മേല്‍ക്കൈ. എം.എല്‍.എയെ സസ്‌പെന്റ് ചെയ്യുന്നതിനെതിരേ സംസ്ഥാന കമ്മിറ്റിയില്‍ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ അവസാനനിമിഷം വരെ വാദിച്ചിരുന്നു. എം.എല്‍.എക്കെതിരായ പരാതിക്കു പുറകില്‍ ജില്ലയിലെ ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന വാദമാണ് ജില്ലാ സെക്രട്ടറിയും മന്ത്രി എ.കെ. ബാലനും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഉയര്‍ത്തുന്നത്. എം.ബി. രാജേഷ് അടക്കം ആറു പേര്‍ക്കെതിരേ ശശി രേഖാമൂലം സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ യഥാക്രമം എം.ബി. രാജേഷും പി.കെ. ബിജുവും രണ്ടു ടേം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബിജുവിന് പകരം ആലത്തൂരില്‍ ഇക്കുറി മുന്‍സ്പീക്കര്‍ കെ. രാധാകൃഷ്ണനാവും സ്ഥാനാര്‍ത്ഥി എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വിജയ സാധ്യതയും പ്രവര്‍ത്തന മികവും കണക്കിലെടുത്ത് രാജേഷിന് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായം ശക്തമാണ്. അതിനിടയിലാണ് ഷൊര്‍ണൂര്‍ എം.എല്‍.എ ഉള്‍പ്പെട്ട പീഡനക്കേസില്‍ രാജേഷ് പ്രതിക്കൂട്ടിലാവുന്നത്. തനിക്കെതിരേ ഗൂഢാലോചന നടന്നതിന്റെ തെളിവുകളുമായി പി.കെ. ശശി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അതില്‍ തീരുമാനം എടുത്തിട്ടില്ല. മുന്‍എം.എല്‍.എമാരായ എം. ഹംസ, എം. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരന്‍, പാര്‍ട്ടി പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, എം.ബി. രാജേഷിന്റെ ഭാര്യാസഹോദരന്‍ കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് നിതിന്‍ കണിച്ചേരി എന്നിവരാണ് എം.പിക്ക് പുറമേ ശശി നല്‍കിയ പട്ടികയില്‍ ഉള്ളത്. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന വിധത്തിലേക്ക് കേസ് വളര്‍ത്തിക്കൊണ്ടു വരാന്‍ പരാതിക്കാരിയെ ഇവര്‍ സഹായിച്ചു എന്നാണ് ആരോപണം. ജില്ലാ സെക്രട്ടറിയും മന്ത്രി എ.കെ. ബാലനും ഉള്‍പ്പെടെയുള്ളവര്‍ ശശിക്കൊപ്പം നിലയുറപ്പിക്കുന്ന സാഹചര്യത്തില്‍ രാജേഷിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കണമെങ്കില്‍ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ പ്രത്യേക താല്‍പര്യം എടുക്കേണ്ടിവരും.
സസ്‌പെന്‍ഷനിലാണെങ്കിലും പി.കെ. ശശിക്ക് സി.പി.എമ്മിന്റേയും അനുബന്ധ സംഘടനകളുടേയും ജില്ലാ സംവിധാനത്തില്‍ ഇപ്പോഴും ശക്തമായ സ്വാധീനം ഉണ്ട്. പരാതിക്കാരിക്കൊപ്പം ഉറച്ചുനിന്ന നേതാക്കളെ ഒന്നടങ്കം വെട്ടിനിരത്തിക്കൊണ്ടാണ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ശശി കരുത്തു കാണിച്ചത്. അദ്ദേഹത്തിന്റെ എതിര്‍പ്പ് മറികടന്ന് രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ചേരിപ്പോര് മൂലം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന പേടിയും മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ട്. പുറമേ നിന്ന് പ്രബലരായ നേതാക്കളെ ആരെയെങ്കിലും കൊണ്ടുവന്ന് രാജേഷിന് പകരക്കാരനെ നിശ്ചയിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള ചില പേരുകളും കേട്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം ശശിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജേഷിനെ മാറ്റിനിര്‍ത്തിയെന്ന വാര്‍ത്ത പരക്കുന്നത് സംസ്ഥാനത്ത് മുഴുവന്‍ ദോഷം ചെയ്യുമെന്നാണ് എം.പിയെ അനുകൂലിക്കുന്നവരുടെ വിശ്വാസം. അനിശ്ചിതത്വത്തിനിടയിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറച്ച മട്ടില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്.

 

Latest News