ഹരിത ഗേഹങ്ങളെ വെട്ടിത്തെളിച്ച് കോൺക്രീറ്റ് കാടുകൾ വ്യാപകമാവുന്ന ആധുനിക കാലത്ത് സംസ്ഥാന സർക്കാർ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാൻ തയാറെടുക്കുകയാണ് കിദൂർ ഗ്രാമം. കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പക്ഷികൾക്ക് സ്വാതന്ത്ര്യത്തിന്റെ വിളനിലമൊരുങ്ങുന്നത്. ജനസമൂഹം വികസിക്കുന്നതിനനുസരിച്ച് വനപ്രദേശങ്ങൾ ചുരുങ്ങുകയും പക്ഷി മൃഗാദികൾക്കുള്ള ആവാസ വ്യവസ്ഥ തന്നെ തകിടം മറിയുകയും ചെയ്യുന്ന വേളയിലാണ് പറവകൾക്ക് വേണ്ടി കിദൂർ ഗ്രാമം ചിറകു വിരിക്കുന്നത്. നെൽപാടങ്ങളും പാറപ്രദേശങ്ങളുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമുൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന കിദൂർ ഗ്രാമത്തിന് പൊന്നരഞ്ഞാണം ചാർത്തിയൊഴുകിപ്പോകുന്ന ഷിറിയ പുഴയുടെ സാന്നിധ്യവും പക്ഷികളുടെ സ്വതന്ത്ര്യ വിഹാരത്തിന് അനുകൂല ഘടകമായി വർത്തിക്കുന്നു. ഇതുവരെ ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെയാണ് വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുള്ളത്.
വംശനാശം നേരിടുന്ന ചാരത്തലയൻ ബുൾബുൾ, വെള്ളഅരിവാൾ കൊക്കൻ, കടൽക്കാട, ചേരക്കോഴി, വാൾകൊക്കൻ എന്നിവയുൾപ്പെടെ 38 ദേശാടനപ്പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന കൊമ്പൻ വാനമ്പാടി, ചാരത്തലയൻ ബുൾബുൾ, ഗരുഡൻ ചാരക്കാളി, ചെഞ്ചിലപ്പൻ, ചാരവരിയൻ പ്രാവ് തുടങ്ങിയവയെയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യയിൽ, ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞ വരിയൻ പ്രാവ് പ്രധാന ആകർഷണമാണ്. പക്ഷി നിരീക്ഷണത്തിനായി പ്രതിവർഷം എട്ടോളം ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നവംബറിൽ സോഷ്യൽ ഫോറസ്ട്രി, കാസർകോട് ബേർഡേസ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിദൂർ ബേർഡ് ഫെസ്റ്റ് പക്ഷി നിരീക്ഷകരുടെ പ്രശംസ നേടിയിരുന്നു. പരിശീലന ക്യാമ്പുകളിൽ അയൽ സംസ്ഥാനമായ കർണാടകയടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പക്ഷി നിരീക്ഷകരുമാണ് പങ്കെടുക്കുന്നത്. പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് കിദൂരിലെത്തുന്നവർക്ക് താമസ സൗകര്യമൊരുക്കാൻ വിശാലമായ ഡോർമിട്ടറി നിർമിക്കുമെന്നും ജില്ലാ കലക്ടർ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താൽപര്യപ്രകാരം 70 ലക്ഷം രൂപയുടെ പദ്ധതി തയാറായി വരുന്നുണ്ടെന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎൽ. പുണ്ഡരീകാക്ഷ പറഞ്ഞു. കുമ്പള കോട്ടയും തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നു വിശ്വസിക്കപ്പെടുന്ന അനന്തപുരം തടാക ക്ഷേത്രവുമടക്കം നിരവധി ശ്രദ്ധാ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന കുമ്പളയിൽ കിദൂർ പക്ഷി സങ്കേതം ഉയർന്നുവരുന്നത് മേഖലയുടെ ടൂറിസം സ്വപ്‌നങ്ങൾക്ക് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
കിദൂരിൽ റവന്യൂ വിഭാഗത്തിന്റെ തരിശായി കിടക്കുന്ന പത്തേക്കറിലാണ് ഡോർമിറ്ററിയടക്കമുള്ള മൂന്നുനില കെട്ടിടം നിർമിക്കുന്നത്. ഡി.ടി.പി സിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്. 150 ഓളം പേർക്ക് താമസിക്കാവുന്ന കെട്ടിടത്തിൽ മുളകൾ കൊണ്ടായിരിക്കും മുറികൾ വേർതിരിക്കുന്നത്. കൂടാതെ സാംസ്‌കാരിക-കലാപരിപാടികൾക്കായി ഓപൺ എയർ തിയേറ്ററും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ പറഞ്ഞു. സൗന്ദര്യവൽക്കരണത്തിനായി കൃഷി വകുപ്പുമായി സഹകരിച്ച് വഴികളിൽ ചെറിചെടികളും ബാംബൂ ഗ്രാമം പദ്ധതി പ്രകാരം മുളകളും നട്ടുപിടിപ്പിക്കും. പരിശീലന ക്യാമ്പുകളിലൂടെ സാങ്കേതിക ജ്ഞാനം നേടിയ പക്ഷിസ്നേഹികളാണ് ജില്ലയിലെ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ പക്ഷി നിരീക്ഷകരുള്ളത് കിദൂർ ഗ്രാമത്തിലാണ്. വനംവകുപ്പ്-സാമൂഹിക വനവൽക്കരണ വിഭാഗം ഉദ്യോഗസ്ഥരും പക്ഷി നിരീക്ഷകരും മാർഗദർശികളായി മുന്നിൽ നിൽക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ, പക്ഷി വിവരങ്ങൾ ശേഖരിക്കുന്ന പൊതുജന കൂട്ടായ്മയായ 'ഇ ബേർഡ്സിൽ' കിദൂരിൽ നിന്നും 160 തരം പക്ഷി വർഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂൾ അധ്യാപകനായ രാജുകിദൂർ, എം.എസ്‌സി വിദ്യാർഥിയായ മാക്‌സിം റോഡ്രിഗസ്, പ്രശാന്ത് കൃഷ്ണ, രായൻ പ്രദീപ്, പത്താം തരം വിദ്യാർഥി ഗ്ലാന്ഡ പ്രീതേഷ് തുടങ്ങിയവരാണ് മേഖലയിലെ പക്ഷി നിരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.