തിരുവനന്തപുരം- സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍(കെ.എ.എസ്) മൂന്നു സ്ട്രീമുകളിലും സംവരണം ഉറപ്പാക്കുമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. ഇതിനായി നിലവിലെ ചട്ടത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിന് അര്‍ഹതയുള്ളവര്‍ക്ക് ക്വാട്ട അനുസരിച്ച് ലഭിക്കേണ്ട വിഹിതത്തില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ അത് തിരുത്താന്‍ പ്രത്യേക നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
കെ.എ.എസിന് രൂപീകരിച്ച ചട്ടങ്ങളില്‍ മൂന്നുരീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്തത്. സ്ട്രീം ഒന്നില്‍ നേരിട്ടും രണ്ടിലും മൂന്നിലും തസ്തികമാറ്റം മുഖേനയുമാണ് നിയമനം. നേരിട്ടുള്ള നിയമനത്തിന് പൊതുസംവരണ തത്വങ്ങള്‍ ബാധകമാകുമ്പോള്‍ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് നിലവിലെ സംവരണ വ്യവസ്ഥ ബാധകമല്ല എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ മൂന്ന് സ്ട്രീമിലും സംവരണമുണ്ടാകും. അതിന് നിലവിലെ ചട്ടത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കെ.എ.എസില്‍ പത്ത് ശതമാനം വരെ സംവരണം ഉറപ്പാക്കും. ഇതിനായി സാമ്പത്തിക പരിധി നിശ്ചയിക്കും. കേന്ദ്രം മുന്നോട്ടുവെക്കുന്ന മാനദണ്ഡം അതുപോലെ അനുകരിച്ചായിരിക്കില്ല ഇതെന്നും സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒ.ഇ.സി വിഭാഗത്തിന്റെ സംവരണം നിഷേധിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് ഒരു പഠനവും നടത്താതെ ഒ.ബി.സിയിലെ 30 വിഭാഗങ്ങളെ ഒ.ഇ.സിയാക്കി. എന്നാല്‍ അത് നടപ്പിലാക്കുകയോ ബജറ്റില്‍ തുക നീക്കി വെക്കുകയോ ചെയ്തില്ല. എന്നാല്‍ ആ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.