പെരിന്തല്‍മണ്ണ- കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റിയില്ല. ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിലേക്ക് മാറ്റിയിരിക്കയാണ്. ഇവിടെ വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തും. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും നീക്കമുണ്ട്. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും പൂര്‍ണ സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ശബരിമല ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗയും ഭര്‍തൃമാതാവ് സുമതിയമ്മയും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പരിക്കേറ്റ കനക ദുര്‍ഗയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുമതിയമ്മ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കുമെതിരെ പോലീസ് കേസ് നിലവിലുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് ഇവര്‍ പോലീസ് സംരക്ഷണയില്‍ പെരിന്തല്‍മണ്ണയിലെത്തിയത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് സംസാരിച്ചെങ്കിലും അങ്ങാടിപ്പുറത്തെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ്പ് സെന്ററിലേക്ക് മാറ്റിയത്.