റിയാദ്- കഴിഞ്ഞ കൊല്ലം സൗദിയിലേക്കുള്ള കാർ ഇറക്കുമതിയിൽ ഒമ്പതര ശതമാനം കുറവ്. 2018 ൽ വിദേശങ്ങളിൽ നിന്ന് 4,19,550 കാറുകളാണ് ഇറക്കുമതി ചെയ്തത്. 2017 ൽ 4,63,689 കാറുകൾ ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്ത കാറുകളിൽ 44,139 എണ്ണത്തിന്റെ കുറവാണുണ്ടായത്.
കഴിഞ്ഞ വർഷം ആകെ 3325 കോടി റിയാൽ വിലയുള്ള കാറുകൾ ഇറക്കുമതി ചെയ്തപ്പോൾ 2017 ൽ 3577 കോടി റിയാൽ വിലയുള്ള കാറുകൾ ഇറക്കുമതി ചെയ്തിരുന്നു. വിലയിൽ ഏഴു ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ജപ്പാനിൽ നിന്നാണ് ഏറ്റവും കൂടുതൽ കാറുകൾ ഇറക്കുമതി ചെയ്തതെന്ന് സൗദി കസ്റ്റംസ് വക്താവ് ഈസ അൽഈസ വെളിപ്പെടുത്തി.
ജപ്പാനിൽ നിന്ന് 1,05,124 കാറുകൾ ഇറക്കുമതി ചെയ്തു. 993 കോടി റിയാൽ വില വരുമിതിന്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിൽ നിന്ന് 535 കോടി റിയാൽ വിലയുള്ള 89,225 കാറുകൾ ഇറക്കുമതി ചെയ്തു. മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. അമേരിക്കയിൽ നിന്ന് 58,221 കാറുകൾ ഇറക്കുമതി ചെയ്തു. വില 644 കോടി റിയാൽ. ഇന്ത്യയിൽ നിന്ന് 135 കോടി റിയാൽ വിലയുള്ള 36,994 കാറുകൾ ഇറക്കുമതി ചെയ്തു. തൊട്ടുപിന്നിൽ ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യയിൽ നിന്ന് 29,627 കാറുകൾ ഇറക്കുമതി ചെയ്തു. ഇവക്ക് ആകെ 154 കോടി റിയാൽ വില വന്നു. തായ്‌ലന്റിൽ നിന്ന് 110 കോടി റിയാൽ വിലയുള്ള 23,009 കാറുകൾ ഇറക്കുമതി ചെയ്തു. ചൈനയിൽ നിന്ന് 78 കോടിയിലേറെ വിലയുള്ള 17,040 കാറുകളും ജർമനിയിൽ നിന്ന് 210 കോടി റിയാൽ വിലയുള്ള 8551 കാറുകളും ബ്രിട്ടണിൽ നിന്ന് 110 കോടി റിയാൽ വിലയുള്ള 3010 കാറുകളും കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തു.
പല വൻകിട കാർ കമ്പനികൾക്കും മാതൃരാജ്യങ്ങൾക്കു പുറമെ മറ്റു രാജ്യങ്ങളിലും കാർ ഫാക്ടറികളുണ്ടെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ കാർ ഏജൻസി കമ്മിറ്റി പ്രസിഡന്റ് ഫൈസൽ അബൂശൂശ പറഞ്ഞു. ജപ്പാൻ കമ്പനിയായ സുസുകിക്ക് ഇന്തോനേഷ്യയിലും ഇന്ത്യയിലും ഹംഗറിയിലും ഫാക്ടറികളുണ്ട്. ടൊയോട്ട കമ്പനിക്ക് ഇന്തോനേഷ്യയിലും തായ്‌ലന്റിലും തായ്‌വാനിലും അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും ഫാക്ടറികളുണ്ട്. ടൊയോട്ടക്ക് നേരത്തെ ഓസ്‌ട്രേലിയയിലും ഫാക്ടറിയുണ്ടായിരുന്നു. അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന് കൊറിയയിലും ചൈനയിലും ഫാക്ടറികളുണ്ട്. ജപ്പാൻ കമ്പനികളായ നിസാനും ഹോണ്ടക്കും മറ്റു രാജ്യങ്ങളിൽ കാർ നിർമാണ ശാലകളുണ്ട്. പ്രശസ്ത കമ്പനികളുടെ കാറുകൾ ഈ രാജ്യങ്ങളിൽ നിർമിച്ച് സൗദിയിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും ഫൈസൽ അബൂശൂശ പറഞ്ഞു. മുൻ വർഷങ്ങളിലെ വലിയ സ്റ്റോക്കുകൾ കാർ ഏജൻസികളിൽ കെട്ടിക്കിടക്കുന്നതാണ് കഴിഞ്ഞ വർഷം കാർ ഇറക്കുമതി കുറയുന്നതിന് കാരണമെന്ന് കാർ ഏജൻസികളിൽ ജോലി ചെയ്യുന്നവർ പറഞ്ഞു. മുൻ വർഷങ്ങളിൽ വിദേശങ്ങളിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്ത് ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും സൗദി കാർ ഏജൻസികൾ കയറ്റി അയച്ചിരുന്നു. എന്നാൽ വിദേശങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന പുതിയ കാർ ഏജൻസികൾ ഈ രാജ്യങ്ങളിൽ പ്രവർത്തനം തുടങ്ങിയതോടെ ഇവിടങ്ങളിലേക്ക് സൗദിയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞു. ഇതും വിദേശങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള കാർ ഇറക്കുമതി കുറയുന്നതിന് ഇടയാക്കിയ ഘടകമാണെന്ന് കാർ ഏജൻസി വൃത്തങ്ങൾ പറഞ്ഞു.