Sorry, you need to enable JavaScript to visit this website.

സ്വകാര്യ സർവകലാശാലകൾ നിലവാരം മെച്ചപ്പെടുത്തണം -മന്ത്രി 

റിയാദിൽ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വകാര്യ യൂനിവേഴ്‌സിറ്റി ഡയറക്ടർമാരുടെയും കോളേജ് പ്രിൻസിപ്പൽമാരുടെയും യോഗം

റിയാദ്- രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ നിലവാരം ഉയർത്തണമെന്നും ലോകത്തെ ഏറ്റവും മികച്ച 200 യൂനിവേഴ്‌സിറ്റികളുടെ ഗണത്തിൽ ഉൾപ്പെടുന്നതിന് മത്സരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് ആവശ്യപ്പെട്ടു. സ്വകാര്യ യൂനിവേഴ്‌സിറ്റി ഡയറക്ടർമാരുടെയും കോളേജ് പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ യൂനിവേഴ്‌സിറ്റികൾ പഠന നിലവാരവും കോഴ്‌സുകളുടെ നിലവാരവും മെച്ചപ്പെടുത്തണം. സ്വകാര്യ സർവകലാശാലകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തണം. 
സ്വകാര്യ വിദ്യാഭ്യാസം വിപുലമാക്കേണ്ടത് പ്രാധാന്യം അർഹിക്കുന്നു. സ്വകാര്യ യൂനിവേഴ്‌സിറ്റികളുടെ വളർച്ചക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളും വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കും. സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണ പ്രക്രിയക്ക് പദ്ധതി തയാറാക്കണം. പ്രിൻസ് സുൽത്താൻ യൂനിവേഴ്‌സിറ്റിയിൽ നിന്നും കിംഗ് ഫൈസൽ സർവകലാശാലയിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് ഉന്നത നിലവാരമുണ്ട്. ഇതേ നിലവാരമുള്ള കോഴ്‌സുകളും പഠന രീതിയും നടപ്പാക്കുന്നതിന് മറ്റു സ്വകാര്യ സർവകലാശാലകൾ പ്രിൻസ് സുൽത്താൻ യൂനിവേഴ്‌സിറ്റിയുടെയും കിംഗ് ഫൈസൽ സർവകലാശാലയുടെയും പരിചയ സമ്പത്ത് പ്രയോജനപ്പെടുത്തണം. 
സ്വകാര്യ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ മേഖലക്ക് സൗദിയിൽ വലിയ അവസരങ്ങളാണുള്ളത്. സൗദിയിൽ വിദേശ യൂനിവേഴ്‌സിറ്റികൾക്ക് പ്രവർത്തനാനുമതി നൽകാൻ നീക്കമുണ്ട്. ചില സർക്കാർ കോളേജുകളുടെയും സ്‌കൂളുകളുടെയും മറ്റു ചില വിദ്യാഭ്യാസ പദ്ധതികളുടെയും നടത്തിപ്പിന് സ്വകാര്യ മേഖലുമായി വിദ്യാഭ്യാസ മന്ത്രാലയം പങ്കാളിത്തം സ്ഥാപിക്കും. 
ശാസ്ത്ര ഗവേഷണത്തിന് 600 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. ഇതിൽ ഒരു ഭാഗം പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ യൂനിവേഴ്‌സിറ്റികൾക്ക് സാധിക്കും. ശാസ്ത്ര ഗവേഷണ ചെയർ പ്രോഗ്രാം പരിഷ്‌കരിക്കുന്നുണ്ട്. സ്വകാര്യ യൂനിവേഴ്‌സിറ്റി നിയമാവലിയും പരിഷ്‌കരിക്കുന്നുണ്ട്. മന്ത്രിസഭയുടെ മുന്നിലുള്ള നിയമാവലി പരിഷ്‌കരണം അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. 
സ്വകാര്യ യൂനിവേഴ്‌സിറ്റികൾ നടത്തുന്ന കോഴ്‌സുകളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളും ഒത്തുപോകുന്നതായിരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. സ്വകാര്യ യൂനിവേഴ്‌സിറ്റികൾക്ക് വായ്പകളും നിക്ഷേപങ്ങളും ലഭ്യമാക്കുന്നതിന് നടപടികളെടുക്കണം. സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതികളും പഠന രീതികളും തെരഞ്ഞെടുക്കുന്നതിന് സ്വകാര്യ യൂനിവേഴ്‌സിറ്റികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
രാജ്യത്തെ സ്വകാര്യ യൂനിവേഴ്‌സിറ്റികളുടെ എണ്ണം 13 ആയും കോളേജുകളുടെ എണ്ണം 45 ആയും ഉയർന്നതായി വിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സഅദ് ആലുഫഹൈദ് പറഞ്ഞു. സ്വകാര്യ യൂനിവേഴ്‌സിറ്റികളും കോളേജുകളും 294 ബാച്ചിലർ കോഴ്‌സുകളും 51 ബിരുദാനന്തര ബിരുദ കോഴ്‌സുകളും നടത്തുന്നുണ്ട്. സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും ആകെ 62,000 ത്തോളം വിദ്യാർഥികളുണ്ട്. 
ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ചില വെല്ലുവിളികൾക്ക് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ മേഖലകളുടെ സംയോജനത്തിലൂടെ പരിഹാരം കാണുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. സ്വകാര്യ യൂനിവേഴ്‌സിറ്റികളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് തൊഴിൽ വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്. സ്വകാര്യ സർവകലാശാലകൾക്ക് കൂടുതൽ വളർച്ചയും പുരോഗതിയും കൈവരിക്കുന്നതിന് സാധിക്കുമെന്നതിന്റെ സൂചനകളാണിതെന്നും ഡോ. സഅദ് ആലുഫഹൈദ് പറഞ്ഞു.
 

Latest News