ദുബായ്- പ്രളയത്തെ തുടര്‍ന്ന് മുണ്ടു മുറുക്കിയുടുത്ത കേരളം, ദുബായില്‍ പണമൊഴുക്കാന്‍ പോകുന്നു. അടുത്ത മാസം നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തിന് കോടികളാണ് ഒഴുകുക.
ഫെബ്രുവരി 15നും 16നും മിലേനിയം ഹോട്ടലിലും ഇത്തിസലാത്ത് അക്കാദമി ഹാളിലുമാണ് സമ്മേളനം നടത്തുന്നത്. പ്രളയദുരിതത്തിലായവരെ സഹായിക്കാതിരിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിരത്തുന്ന സര്‍ക്കാര്‍, പദ്ധതി വിഹിതത്തില്‍ നിന്ന് പണം മുടക്കിയാണ് സഭ ഒരുക്കുന്നത്. വേണ്ട തുക ചെലവഴിക്കാന്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി.
കഴിഞ്ഞ വര്‍ഷം നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ ആദ്യ പാദത്തിന് 4 കോടി രൂപയായിരുന്നു ചെലവ്.
ഇത്തവണ മന്ത്രിമാരും ഉദ്യോഗസ്ഥരും കലാകാരന്മാരും ഉള്‍പ്പെടെയുള്ളവരുടെ യാത്രക്കും താമസത്തിനുമൊക്കെയായി വന്‍ ചെലവുവരും. മുഖ്യമന്ത്രിയാണ് സഭ ഉദ്ഘാടനം ചെയ്യുക.