മലപ്പുറം- ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥികള്‍ നിലവിലെ എം.പിമാര്‍ തന്നെയാകുമെന്ന് സൂചന.
ഇ. അഹ്്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി കുറഞ്ഞ കാലം മാത്രമാണ് എം.പിയായത്.
അതിനാല്‍ കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കുമെന്നുറപ്പാണ്. അതേസമയം, ഇ.ടി. മുഹമ്മദ് ബഷീറിന് പകരം മറ്റൊരാളെ മത്സരിപ്പിക്കണമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതില്‍ അതീവ സാമര്‍ഥ്യം കാണിക്കുന്ന ഇ.ടിയെ മാറ്റരുതെന്ന നിലപാടിനാണ് മുന്‍തൂക്കം.
മാണി ഗ്രൂപ്പ് ഒരു സീറ്റ് കൂടി ചോദിച്ച സ്ഥിതിക്ക് ലീഗും ഒരു സീറ്റ് കൂടി ചോദിക്കും. മാണി ഗ്രൂപ്പിനെ സമ്മര്‍ദത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ മൗനസമ്മതത്തോടെയാണ് ഈ നീക്കം. ഇരുകൂട്ടര്‍ക്കും സീറ്റ് അധികം നല്‍കാനുള്ള ഒരു സാധ്യതയുമില്ല. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ നേടേണ്ടതുള്ളതിനാല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഒന്നും വിട്ടുകൊടുക്കാനിടയില്ല.
നിലവിലെ എം.പിമാര്‍ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍തൂക്കമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇ.ടിയെ മാറ്റുകയാണെങ്കില്‍ സീറ്റ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് നല്‍കണമെന്ന് യുവ നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഇതിന് തടയിടാന്‍ കൂടി ഇ.ടി യെത്തന്നെ നിര്‍ത്തിയേക്കും.