ദുബായ്- ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 2018 ല്‍ നടന്നത് 235 വിവാഹങ്ങള്‍. ഇതില്‍ പലതും അതിര്‍ത്തി കടന്നുള്ളത്. ലോകം സംഗമിക്കുന്ന ദുബായ് എന്ന മഹാനഗരത്തില്‍ കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്ത ഇന്ത്യക്കാര്‍ ഒടുവില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി വിവാഹിതരാകുന്നു.
പള്ളിമണികള്‍ മുഴങ്ങാതെയും വെള്ള ഗൗണുകള്‍ ധരിക്കാതെയുമുള്ള ഈ വിവാഹങ്ങളില്‍ ഒരു വശത്ത് ഇന്ത്യക്കാരാണെങ്കില്‍ മറുവശത്ത് പലപ്പോഴും ഇതര രാജ്യക്കാരാവും.
2016 ല്‍ 203 ഉം 2017 ല്‍ 219 ഉം വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയ ദുബായ് കോണ്‍സുലേറ്റില്‍ 2018 ആയപ്പോള്‍ എണ്ണം കൂടി. കോണ്‍സുലേറ്റില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വരനും വധുവും ദുബായില്‍ താമസിക്കുന്നവരും ഒരാളെങ്കിലും ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യക്കാരിയുമായിരിക്കണം. മറ്റു പല നയതന്ത്ര കാര്യാലയങ്ങളിലും അവരുടെ രാജ്യക്കാരുടെ വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യുകയുള്ളു.
രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായ ശേഷം ചില ദമ്പതികള്‍ കോണ്‍സുലേറ്റില്‍ വെച്ച് മോതിരം കൈമാറുകയോ പൂമാലകള്‍ അണിയിക്കുകയോ ചെയ്യുമെന്നല്ലാതെ മതപരമായ ചടങ്ങുകളൊന്നും ഉണ്ടാവില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.