കോട്ടയം- തലസ്ഥാനത്ത് നടന്ന അയ്യപ്പ ഭക്ത സംഗമം ആത്മീയതയുടെ മറവില്‍ നടന്ന രാഷ്ട്രീയ സമ്മേളനമായിരുന്നെന്ന് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ നേതാക്കളെയൊന്നും അവിടെ മുന്നില്‍ കണ്ടില്ല. ആത്മീയ നേതാക്കളായിരുന്നു മുന്നില്‍. പിന്നില്‍ രാഷ്ട്രീയക്കാരുണ്ടായിരുന്നോ എന്നറിയില്ലെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
അമൃതാനന്ദമായി പങ്കെടുത്ത സംഗമത്തെ രൂക്ഷമായി വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളി തയാറായില്ല. രാഷ്ട്രീയ സമ്മേളനമല്ല, ആത്മീയ സംഗമമാണ് എന്ന് ആദ്യം ലഘൂകരിച്ച് പറഞ്ഞ വെള്ളാപ്പള്ളി തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കൊടുവില്‍ സമ്മേളനത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. അമൃതാനന്ദമയിയുടെ സാന്നിധ്യമാണ് സമ്മേളനത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ തടഞ്ഞത്.
തലസ്ഥാനത്തെ സംഗമം ഹിന്ദു ഐക്യത്തിന്റെ പ്രതീകമല്ലെന്നും അദ്ദേഹം പറഞ്ഞു. നായാടിമുതല്‍ നമ്പൂതിരി വരെയുള്ളവരെ അവരെ കണ്ടില്ല. സവര്‍ണ സമ്മേളനമായിരുന്നു അത്. അവിടെയും ഇവിടെയും ചില പിന്നോക്കക്കാരെ കണ്ടെന്ന് മാത്രം- വെള്ളാപ്പള്ളി പറഞ്ഞു.
സവര്‍ണ ഐക്യം ഉരുത്തിരിഞ്ഞു എന്ന് പറയുന്നതാണ് സത്യം. തന്നേയും വിളിച്ചിരുന്നു. അമ്മ (മാതാ അമൃതാനന്ദമയി) പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. മറ്റു പരിപാടികളുണ്ടായിരുന്നെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. തനിക്കും ഭാര്യക്കും മേല്‍ പങ്കെടുക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. അമൃതാനന്ദമയിയുടെ പേര് പറഞ്ഞാണ് സമ്മര്‍ദം ചെലുത്തിയത്. പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല പ്രശ്‌നം പൂര്‍ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടതായും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എല്ലാവരും ഈ പ്രശ്‌നത്തെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനും ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ട്. കോടതി വിധി ജനങ്ങളെ ബോധ്യപ്പെടുത്താതെ നടപ്പാക്കാന്‍ ശ്രമിച്ചതാണ് വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക തെറ്റിപ്പോയത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.