തിരുവനന്തപുരം- ശബരിമല പ്രശ്‌നത്തില്‍ അയഞ്ഞു സംസ്ഥാന സര്‍ക്കാര്‍. യുവതീ പ്രവേശത്തെ തുടര്‍ന്ന് സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് രണ്ടാഴ്ച അനുവദിച്ചു.
തന്ത്രിയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് തീരുമാനം. നിയമോപദേശം തേടാന്‍ കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് സമയം നീട്ടി നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. തന്ത്രിയുടെ നടപടിക്കെതിരെ പലരും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
മണ്ഡല കാലം അവസാനിക്കുകയും തെരഞ്ഞെടുപ്പുകാലം അടുക്കുകയും ചെയ്തതോടെ സംഘര്‍ഷപാത ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. പരമാവധി സംയമനം പാലിച്ച് മുന്നോട്ട് പോകാനാണ് നോക്കുന്നത്. ബി.ജെ.പിക്ക് വീണ്ടും അവസരം നല്‍കുന്നത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാരിന് മനസ്സിലായിട്ടുണ്ട്.
പന്തളം കൊട്ടാരവും നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. ചര്‍ച്ചക്കും സമവായത്തിനും തയാറാണെന്ന് പന്തളം രാജകുടുംബത്തിലെ ശശികുമാര വര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതും സര്‍ക്കാരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കരുതുന്നു.
തന്ത്രിക്ക് വിശദീകരണത്തിന് സമയം നീട്ടിക്കൊടുത്തത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്നും മറ്റൊന്നും അതിന് പിന്നിലില്ലെന്നും പത്മകുമാര്‍ പറഞ്ഞു.