തൊടുപുഴ - ചിന്നക്കനാല്‍ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ഒരു ദിനപത്രത്തിന് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ അഞ്ച് പോലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ എ.എസ്.ഐമാരായ ഉലഹന്നാന്‍, സജി എം.പോള്‍, ഡ്രൈവര്‍ അനീഷ്, സി.പി.ഒ ഓമനക്കുട്ടന്‍, മധുരക്ക് സഹായത്തിനായി കൂടെപോയ ശാന്തമ്പാറ സ്റ്റേഷനിലെ ഡ്രൈവര്‍ എന്നിവരെയാണ് എസ്.പി കെ.ബി. വേണുഗോപാല്‍ സസ്പെന്‍ഡ് ചെയ്തത്. രാജാക്കാട് എസ്.ഐ പി.ഡി. അനൂപ്മോനെതിരെ നടപടിക്ക് ഐ.ജിക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി ബോബിനെ അറസ്റ്റ് ചെയ്ത വിവരം മുതിര്‍ന്ന ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ വാട്ട്സാപ്പില്‍ ഇടുകയും ഇത് വിശദമായ റിപ്പോര്‍ട്ടുകളോടെ വാര്‍ത്തയാകുകയും ചെയ്തിരുന്നു. സാധാരണ ഗതിയില്‍ പ്രമാദമായ കേസുകളുടെ വിവരങ്ങള്‍ നല്‍കേണ്ടത് അതത് ജില്ലാ പോലീസ് മേധാവിയാണെന്ന് സേനക്കുള്ളില്‍ സര്‍ക്കുലറുള്ളതാണ്. ഇത് തെറ്റിച്ച് ചോദ്യം ചെയ്യലിനിടെ പോലും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്.പി നടത്താനിരുന്ന വാര്‍ത്താസമ്മേളനവും റദ്ദാക്കിയിരുന്നു.