ഈരാറ്റുപേട്ട - പി.സി. ജോര്‍ജ് എം.എല്‍.എയെ ജന്മനാടായ ഈരാറ്റുപേട്ടയില്‍ നടന്ന പരിപാടിക്കിടെ കാണികള്‍ കൂവിയോടിച്ചു. ഈരാറ്റുപേട്ട വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസിനെ ക്ഷണിക്കുന്നതിനു പകരം അനൗണ്‍സ് ചെയ്തയാള്‍ അബദ്ധത്തില്‍ പഴയ വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദിനെ ക്ഷണിക്കുകയായിരുന്നു. ഇതോടെ മൈക്ക് തട്ടിപ്പറിച്ച പി.സി. ജോര്‍ജ്, കുഞ്ഞുമോള്‍ അല്ലെടാ ബല്‍ക്കീസാ വൈസ് ചെയര്‍പേഴ്‌സന്‍ എന്നു പറഞ്ഞു. ഇത് നാട്ടുകാരെ പ്രകോപിപ്പിക്കുകയായിരുന്നു.
കുഞ്ഞുമോള്‍ സിയാദ് നേരത്തെ പി.സി. ജോര്‍ജ് പക്ഷക്കാരി ആയിരുന്നു. എല്‍.ഡി.എഫിനൊപ്പം നിന്ന പി.സി. ജോര്‍ജ് യു.ഡി.എഫുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും പുറത്താക്കി ഭരണം പിടിക്കുകയായിരുന്നു. അപ്പോള്‍ കുഞ്ഞുമോള്‍ സിയാദ് പി.സി. ജോര്‍ജിനൊപ്പം നിന്നിരുന്നില്ല.
കൂവലിനിടയില്‍ എം.എല്‍.എ ഉദ്ഘാടന ചടങ്ങ് പെട്ടെന്ന് നടത്തി 'തെണ്ടികള്‍, ഞാനും ഈ കരക്കാരനാണ് ' എന്ന് പറഞ്ഞ് സ്ഥലംവിട്ടു.