ഇടുക്കി - വീടിന് മുന്നില്‍നിന്ന് വളര്‍ത്തു നായയെ മോഷ്ടിച്ച് ലോറിയില്‍ കടത്തിക്കൊണ്ട് പോയ മോഷ്ടാവിനെ ഇടുക്കി പോലീസ് എറണാകുളത്തുനിന്ന് പിടികൂടി. മോഷണം പോയ നായയെയും മോഷണത്തിന് ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. ചിറ്റൂര്‍ ഇടകുന്നം സ്വദേശി കാരത്തായി വീട്ടില്‍ പുരുഷന്റെ മകന്‍ നിഥിന്‍ (29)ആണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ചെറുതോണി വെള്ളക്കയത്ത് താമസിക്കുന്ന പുതിയാനിക്കല്‍ സജിയുടെ വീടിന് മുന്‍വശത്തു നിന്ന് ജെര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ മോഷ്ടിച്ച് കൊണ്ടു പോയത്. നായയെ കടത്തിക്കൊണ്ട് പോകുന്ന ദൃശ്യം അയല്‍ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഉടമയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ ലോറിയില്‍ ഇതിന് നാല് ദിവസം മുമ്പാണ് നിഥിന്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. എറണാകുളത്തുനിന്ന് കുമളിക്ക് ഇരുമ്പ് പൈപ്പുമായി ഓട്ടം പോകുന്നതിനിടയിലാണ് ഇയാള്‍ നായയെ മോഷ്ടിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. ലോഡ് ഇറക്കിയതിന് ശേഷം എറണാകുളത്തേക്ക് തിരികെ പോകുന്നതിനിടയില്‍ ഇയാള്‍ വീണ്ടും നായയെ മോഷ്ടിച്ച വീടിന് സമീപത്ത് ഇറങ്ങിയിരുന്നു. ഇടുക്കി പോലീസ് സ്റ്റേഷനില്‍ മോഷ്ടാവിനെയും നായയെയും എത്തിച്ച് കേസെടുത്തതിന് ശേഷം നായയെ ഉടമയ്ക്ക് പോലീസ് കൈമാറി. ഇടുക്കി എസ്.ഐ ടി.സി. മുരുകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.