Sorry, you need to enable JavaScript to visit this website.

ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട്; പി.കെ. ഫിറോസും സുന്നി യുവജന നേതാവും തമ്മിൽ ഫെയ്‌സ്ബുക്ക് പോര് 

കോഴിക്കോട്- ഇടതു സർക്കാർ കൊണ്ടുവന്ന ശരീഅത്ത് ആപ്ലിക്കേഷൻ ആക്ടിനെച്ചൊല്ലി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും ഇ.കെ.വിഭാഗം സുന്നി യുവജന സംഘം നേതാവ് മുസ്തഫ മുണ്ടുപാറയും നേർക്കുനേർ ഫേസ്ബുക്കിൽ. ശരീഅത്ത് റൂൾസ് സമുദായം ചോദിച്ചുവാങ്ങിയ പാര എന്ന തലക്കെട്ടിൽ ജനുവരി പത്തിന് മുസ്തഫ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പി.കെ. ഫിറോസ് വിശദീകരണം നൽകിയതിന് മുസ്തഫ പ്രതികരിച്ചിരിക്കുകയാണ്. റൂൾ നിർമിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് യൂത്ത് ലീഗ് ആണെന്നതാണ് വാക്‌പോരിന്ന് ആധാരം.
മുസ്തഫയുടെ ആദ്യ പോസ്റ്റ്- ശരീഅത്തിനെതിരെ തുറന്നു വിട്ട ഏറ്റവും വലിയ ഭൂതമാണ് പുതുതായി ഇറക്കിയ ചട്ടം. മതം മാറുന്നവർക്ക് അതിന്റെ ഔദ്യോഗികത ലഭിക്കാൻ എന്ന സദുദ്ദേശ്യത്തോടെ നടപ്പാക്കേണ്ട ഒരു വ്യവസ്ഥയെ എങ്ങനെ സമർത്ഥമായി ദുരുപയോഗം ചെയ്യാമെന്നതിന്റെ മികച്ച ഉദാഹരമാണിത്. വലിയ ഗൂഢാലോചന ഈ ചട്ടം രൂപീകരിക്കുന്നതിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. മതപരിവർത്തനം നടത്തുന്ന ഏതാനും പേർക്ക് വേണ്ടി ഉണ്ടാക്കിയ ചട്ടം സമുദായത്തെ മൊത്തത്തിൽ തകർക്കാൻ മാത്രം പ്രഹര ശേഷിയുള്ളതാണ്.
ഉദാഹരണത്തിന് ഒരു കുടുംബനാഥന് മുഴുവൻ പെൺകുട്ടികളാണെങ്കിൽ ഇസ്‌ലാമിക വിധി പ്രകാരം അദ്ദേഹത്തിന്റെ അനന്തരസ്വത്ത് കൈകാര്യം ചെയ്യേണ്ടതാണ്. ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് പ്രകാരവും ഇസ്‌ലാമിക ശരീഅത്ത് പ്രകാരവും ഇദ്ദേഹത്തിന്റെ സ്വത്തിന് മറ്റു നിർണയിക്കപ്പെട്ടവരും അവകാശികളായിരിക്കും. ഇങ്ങനെ സ്വത്ത് കൈമാറാൻ മടിക്കുന്നവരോ സമ്മർദ്ദത്താലോ ശരീഅത്ത് എനിക്ക് ബാധകമല്ലെന്ന് വിസമ്മതപത്രവുമായി വന്നാലുള്ള ഭവിഷ്യത്ത് ഒന്ന് ചിന്തിച്ചു നോക്കൂ.
ഇതേ വിഷയങ്ങൾ കക്ഷിക്ക് ശരീഅത്ത് പ്രകാരം അനുകൂലമല്ലാതെ വരുന്ന വിവാഹം പോലെയുള്ള വിഷയങ്ങളിൽ കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് ശീരഅത്തിനെ തള്ളിപ്പറഞ്ഞ് വിസമ്മതപത്രം കൊടുക്കാനവസരം ഒരുക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ശരീഅത്തിന്റെ കടക്കൽ കത്തിവെക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ശരീഅത്ത് വിരോധികൾക്ക് ലഭിച്ചിരിക്കുന്നത്. സമുദായം ചോദിച്ചു വാങ്ങിയ ഉഗ്രൻ 'പാര' യെന്നർത്ഥം.
ഫിറോസ് കുറിക്കുന്നു- ഇസ്‌ലാം മതം സ്വീകരിച്ച സൈമൺ മാസ്റ്ററും (മുഹമ്മദ് ഹാജി) ടി.എൻ ജോയിയും (നജ്മൽ ബാബു) മരിച്ചപ്പോൾ ഇസ്‌ലാം മതാചാര പ്രകാരമല്ല മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കപ്പെട്ടത്. ആദ്യത്തെ സംഭവം ഉണ്ടായപ്പോൾ തന്നെ ഇത്തരം സാഹചര്യമൊഴിവാക്കാൻ റൂൾ നിർമ്മിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അബൂത്വാലിബ് എന്ന വ്യക്തി കോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസത്തിനകം ചട്ടം നിർമ്മിക്കണമെന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കാതിരിക്കുകയും നജ്മൽ ബാബുവിനും ഈ ദുരനുഭവം ആവർത്തിക്കുകയും ചെയ്തപ്പോഴാണ് യൂത്ത് ലീഗ് കോടതിയെ സമീപിക്കുന്നത്.റൂൾ നിലവിൽ വരുന്നതിനു മുമ്പ് തന്നെ 2009 ൽ ദേവകി (ആയിഷ) എന്നവർ നൽകിയ റിട്ട് പെറ്റീഷനിൽ ജ. മുഷ്താഖ് നൽകിയ വിധിയിൽ മതം മാറ്റം സംബന്ധിച്ച് ഏതെങ്കിലും സഭക്ക് മാത്രം തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയതാണ്.
റൂൾ നിലവിൽ വന്നതുകൊണ്ട് കേരളത്തിലെ മുസ്‌ലിംകൾ മുഴുവൻ ഡിക്ലറേഷൻ നൽകേണ്ടി വരുമെന്നും കൊടുക്കാത്തവർ ശരീഅത്ത് നിയമങ്ങൾക്ക് പുറത്താവുമെന്നും പറയുന്നത് ശരിയല്ല. റൂളിലെ സെക്ഷൻ 3 ക്ലോസ് 1 പ്രകാരം മുസ്‌ലിമാണെന്ന് തെളിയിക്കാൻ ആർക്കെങ്കിലും രേഖ ആവശ്യമുണ്ടെങ്കിൽ മാത്രം അപേക്ഷ നൽകിയാൽ മതി. ഫലത്തിൽ മുസ്‌ലിമായി ജനിച്ചവർക്ക് ഈ രേഖ ആവശ്യമില്ലാതെ വരികയും ഇസ്‌ലാം മതത്തിലേക്ക് മാറുന്നവർക്ക് ഇത് ഉപകാരമാവുകയും ചെയ്യും. മുസ്‌ലിമായി ജനിച്ചവർക്ക് നിലവിൽ തുടർന്ന് വരുന്ന നിയമങ്ങളിൽ യാതൊരു മാറ്റവും ഈ റൂൾ ഉണ്ടാക്കുന്നില്ല.
സർക്കാർ ഇറക്കിയ ഉത്തരവിൽ ഭേദഗതികൾ വരുത്താൻ സാധിച്ചാൽ അപേക്ഷകർക്കുള്ള സങ്കീർണ്ണതകൾക്ക് പരിഹാരമാവുകയും എളുപ്പത്തിൽ രേഖകൾ ലഭ്യമാവുകയും ചെയ്യും.അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഉൾപ്പടെ സമർപ്പിക്കണം എന്നത് മാറ്റി മൂന്ന് രേഖകൾ സമർപ്പിച്ചാൽ മതി എന്നാക്കണം. ഒന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റികൾ നൽകുന്ന രേഖ അല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം. രണ്ട്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. മൂന്ന്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്.
തഹസിൽദാർ അന്വേഷണം നടത്തിയതിന് ശേഷം മാത്രം സർട്ടിഫിക്കറ്റ് നൽകിയാൽ മതി എന്ന സർക്കാർ വിജ്ഞാപനം അപേക്ഷകർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നതിനാൽ അന്വേഷണം എന്നത് സർട്ടിഫിക്കറ്റ് പരിശോധന എന്നാക്കി ഭേദഗതി ചെയ്യണം. അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം എന്ന ഭേദഗതിയും വേണം. ഇതു സംബന്ധിച്ച് പല ആശയ കുഴപ്പങ്ങളുമുണ്ടായപ്പോൾ മുസ്‌ലിം ലീഗ് നേതൃത്വം തിരുവനന്തപുരത്ത് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുകയും മുകളിൽ പറഞ്ഞ ഭേദഗതികൾ നിയമ വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞതിനു ശേഷം തയ്യാറാക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ യൂത്ത് ലീഗും സംബന്ധിച്ചിരുന്നു. അതിന് ശേഷം മുഖ്യമന്ത്രിക്ക് ഭേദഗതികൾ സമർപ്പിക്കുകയും ചെയ്തുവെന്നും ഫിറോസ് കുറിച്ചു.
ഏത് സാഹചര്യത്തിലായാലും ഇത്രയേറെ അപകടമുള്ള റൂൾ ഇറങ്ങിയപ്പോഴേക്കും വായിച്ചു നോക്കുക പോലും ചെയ്യാതെ പിതൃത്വ അവകാശവാദവുമായി ചാടിപ്പുറപ്പെട്ടത് മണ്ടത്തരമല്ലേയെന്നാണ് മുസ്തഫയുടെ പ്രതികരണം. പ്രത്യേകിച്ച് രാഷ്ട്രീയപരമായി വിരുദ്ധ ചേരിയിലുള്ള സർക്കാരിൽ നിന്നൊരു ഉത്തരവ് ഇറങ്ങുമ്പോൾ ജാഗ്രത കാണിക്കേണ്ടതായിരുന്നില്ലേ?
പൊന്നാനി മളൗനത്ത്, കോഴിക്കോട് തർബിയ്യത്ത് എന്നിവയുടെ പതിറ്റാണ്ടുകളായുള്ള ആധികാരികത ഇല്ലാതാക്കിയ ഒരു കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ (2009 ലെ ദേവകി എന്ന ആയിഷയുടെ വിധി) ആ കോടതി വിധിയെ സാധൂകരിക്കും വിധം അതിൻമേൽ റൂളിനു വേണ്ടി സമ്മർദ്ദം ചെലുത്തിയവർ വിഷയത്തെ ഗുരുതരമാക്കാനല്ലേ ശ്രമിച്ചത്?
പുതിയ റൂൾ പ്രകാരം മുഴുവൻ മുസ്‌ലിംകളും ഡിക്ലറേഷൻ നൽകേണ്ടി വരുമെന്ന് ആദ്യം പറഞ്ഞത് വക്കീലായ പാർട്ടി എം.എൽ.എ തന്നെയാണ്. വഖഫ് മന്ത്രി ഉൾപ്പെടെയുള്ളവരും മറ്റു പ്രഗൽഭരായ നിയമജ്ഞരും ഇതേ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ അതല്ല ശരിയെന്ന് പറഞ്ഞ് മാർക്‌സിസ്റ്റ് സർക്കാരിന്റെ റൂളിനെ ന്യായീകരിക്കാൻ നടത്തുന്ന ശ്രമം വീണിടത്ത് കിടന്ന് ഉരുളലല്ലേ.
റൂളിൽ ഭേദഗതി വേണമെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചത് നല്ലത്. തെറ്റ് പറ്റൽ സ്വാഭാവികമാണ്. പക്ഷെ, ഇത്രയേറെ വിവാദമുണ്ടായിട്ടും മൗനം പാലിക്കുകയും നിർവ്വാഹമില്ലാതെ വന്നപ്പോൾ കുറ്റസമ്മതവുമായി പ്രത്യക്ഷപ്പെടുകയും എന്നാൽ ഇപ്പോൾ പോലും വിഷയത്തെ ലാഘവത്തോടെ കാണുകയും ചെയ്യുന്ന ഈ സമീപനമുണ്ടല്ലോ അതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്?
കേവലം ഭേദഗതികൾ കൊണ്ട് പ്രശ്‌നം തീരുമെന്ന് തോന്നുന്നില്ല. ഇപ്പോൾ നിർദ്ദേശിക്കപ്പെട്ട മധ്യസ്ഥ റോളിലുള്ള ഭേദഗതി ആണെങ്കിൽ പോലും ഒരു മുസ്ലിമാവാനുള്ള നടപടിക്രമങ്ങളുടെ സങ്കീർണ്ണത പ്രശ്‌നം സൃഷ്ടിക്കും. ഇത് അനുവദിച്ചുകൂടാ. മറ്റെല്ലാ വിഭാഗങ്ങൾക്കുമുള്ളതുപോലെയുള്ള ഒരു സംവിധാനത്തിലേക്ക് ഇക്കാര്യം തിരിച്ചു കൊണ്ട് വരണം. 81 വർഷക്കാലം നിലവിലെ സാഹചര്യത്തിലൂടെ പോയതിനിടയിൽ ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ച് മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. അതും കൂടി പരിഹരിക്കും വിധം നിയമപോരാട്ടവും സമ്മർദ്ദവുമല്ലേ വേണ്ടത്- മുസ്തഫ ചോദിക്കുന്നു. 
 

Latest News