കോഴിക്കോട്- സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് കാന്തപുരം എ.പി വിഭാഗം. പ്രതിരോധിക്കാനുറച്ച് ഇ.കെ സുന്നി വിഭാഗവും.
ഇടതുഭരണ കാലത്ത് ഹജ് കമ്മിറ്റിയും വഖഫ് ബോര്‍ഡും കാന്തപുരം വിഭാഗത്തിനാണ് ലഭിച്ചുവരുന്നത്. വി.എസ് സര്‍ക്കാറിന്റെ കാലത്ത് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിലെ തന്നെ കെ.വി അബ്ദുള്‍ഖാദറിന് നല്‍കിയിരുന്നു. ഹജ് കമ്മിറ്റി ചെയര്‍മാനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ മരുമകന്‍ കൂടിയായ മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസിയെയാണ് നിയമിച്ചത്. ഏതാനും മാസങ്ങള്‍ക്കകം നിലവിലെ വഖഫ് ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകുകയാണ്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പദവിക്കായി കാന്തപുരം സുന്നി വിഭാഗം സമ്മര്‍ദം ചെലുത്തുകയാണ്.
വഖഫ് ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ വരുന്നത് സുന്നി മഹല്ലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. തര്‍ക്കങ്ങളിലും വഖഫ് ബോര്‍ഡിന്റെ തീരുമാനവും ഇടപെടലും നിര്‍ണായകമാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നിലവില്‍ വന്ന വഖഫ് ബോര്‍ഡാണ് ഇപ്പോഴുള്ളത്. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡില്‍ മുതവല്ലി മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്നത് ഇ.കെ വിഭാഗം സുന്നികളാണ്. നിശ്ചിത വരുമാനം ഉള്ള വഖഫ് സ്ഥാപനങ്ങളുടെ മുതവല്ലിമാര്‍ക്ക് മാത്രമേ മുതവല്ലി മണ്ഡലത്തിലേക്ക് വോട്ടവകാശമുള്ളൂ. കൂടുതല്‍ സ്ഥാപനങ്ങളെ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ വഖഫ് മുതവല്ലി വോട്ടുകള്‍ നേടാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. നിലവിലെ ബോര്‍ഡ് ഇതിനെ പിന്തുണക്കുന്നില്ലെന്ന പരാതിയുണ്ട്.
ഇതിനിടെയാണ് വഖഫ് ട്രൈബ്യൂണല്‍ മൂന്നംഗങ്ങളായി വിപുലപ്പെടുത്തിയപ്പോള്‍ രണ്ടംഗങ്ങളും കാന്തപുരം വിഭാഗത്തില്‍നിന്നായത്. ഇത് ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഇ.കെ. വിഭാഗം മുതിര്‍ന്നിരുന്നു. വഖഫ് ട്രൈബ്യൂണല്‍ ഉദ്ഘാടന ചടങ്ങിന് മുമ്പില്‍ മുതവല്ലി ധര്‍ണ സംഘടിപ്പിക്കുമെന്ന് ഇ.കെ. വിഭാഗം അറിയിച്ചു. വഖഫ് മന്ത്രി കെ.ടി ജലീല്‍ ചര്‍ച്ചക്കൊടുവില്‍ ഒരാളെ മാര്‍ച്ച് ഒന്നിനകം മാറ്റാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
മൂന്നംഗ ട്രൈബ്യൂണലില്‍ ഒരാള്‍ ജുഡീഷ്യറിയില്‍നിന്നാണ്. രണ്ടാമത്തെയാള്‍ എ.ഡി.എം റാങ്കിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷനില്‍ നിയമിക്കുന്നതാണ്. ഇപ്പോള്‍ നിയമിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ.സി ഉബൈദും അഭിഭാഷകരില്‍നിന്ന് നിയമിച്ച അഡ്വ. ഹസനും കാന്തപുരം സുന്നി വിഭാഗത്തെ അനുകൂലിക്കുന്നവരാണെന്നാണ് പരാതി. ഇതില്‍ കെ.സി ഉബൈദിനെ മാറ്റാമെന്ന് മന്ത്രി സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇ.കെ. വിഭാഗം ധര്‍ണ മാറ്റിയത്.