തിരുവനന്തപുരം- ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടനയുടെ ഉപാധ്യക്ഷനാണ് സെന്‍കുമാര്‍. അയ്യപ്പ ജ്യോതിയാണോ വനിതാ മതിലാണോ വലുതെന്ന് വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ തെളിയിക്കണം. സനാതന ധര്‍മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. ഈ അവസരം പാഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.
51 യുവതികളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. അതേക്കുറിച്ചൊന്നും കൂടുതല്‍ പറയുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ശബരിമല ഒരു തീര്‍ഥാടന കേന്ദ്രമാണെന്നും ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
അവിടെ നൂറുകണക്കിന് വിശ്വാസികള്‍ എത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ അവിടെ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സെന്‍കുമാര്‍ ആരോപിച്ചു.
പുത്തരിക്കണ്ടം മൈതാനിയില്‍ സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.