കയ്‌റോ- സ്വന്തം രാഷ്ട്രത്തിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ഇതര രാജ്യക്കാര്‍ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കുന്നവരാണ് സൗദി ജനതയെന്ന് സൗദി ഇസ്്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു ശൈഖ് പറഞ്ഞു. ഈജിപ്ത് തലസ്ഥാനത്ത് ഔഖാഫ് മന്ത്രാലയം സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി പൗരന്മാര്‍ തങ്ങളുടെ വ്യക്തിത്വത്തില്‍ അഭിമാനം കൊള്ളുന്നവരും ഏത് അപകടത്തില്‍നിന്നും രാജ്യത്തേയും നേതാക്കളേയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ സൗദി അറേബ്യ അതിന്റ ദേശീയ വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ വലിയ വെല്ലുവിളികാണ് നേരിടുന്നത്. സമകാലിക സിവില്‍ സമൂഹത്തോടൊപ്പം സഞ്ചരിക്കുമ്പള്‍ ആധികാരിക ദേശീയ വ്യക്തിത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ വികസന പ്രക്രിയയില്‍ പൗരന്മാര്‍ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ക്ഷേമ, ഐശ്വര്യങ്ങള്‍ക്കായി സംഭാവനകളര്‍പ്പിക്കണമെന്നും മന്ത്രി ഉണര്‍ത്തി.
മുമ്പൊന്നുമില്ലാത്ത വിധം ജനങ്ങള്‍ തുറന്ന സമൂഹത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. പുതിയ രൂപത്തിലുള്ള മാധ്യമങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ തനതായ വ്യക്തിത്വം സംരക്ഷിക്കുക ശ്രമകരമായ ദൗത്യമാണ്. സ്വന്തം രാജ്യങ്ങളെ സ്‌നേഹിക്കുന്ന മറ്റു പൗരന്മാരെ ആദരിക്കുന്നവരാണ് സൗദി ജനതയെന്നും ആലു ശൈഖ് പറഞ്ഞു.
മന്ത്രിമാരും ശാസ്ത്രജ്ഞരുമടക്കം 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.