കൊച്ചി- മുനമ്പത്ത് നിന്നു ബോട്ടില്‍ വിദേശത്തേക്ക് കടന്ന സംഘം ഓസ്ട്രേലിയയിലേക്ക് വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചതായി വിവരം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ജനുവരി 12 ന് പുലര്‍ച്ചെ മുനമ്പത്ത് നിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ടില്‍ പോയ സംഘത്തില്‍ ഇരുന്നൂറോളം പേരുണ്ടായിരുന്നതായാണ് സൂചന. ഇതില്‍ കയറിപ്പറ്റാന്‍ കഴിയാത്ത വിധം ആളുകളുണ്ടായിരുന്നെന്നും തന്റെ ഭാര്യയേയും കുട്ടിയേയും ബോട്ടില്‍ കയറ്റി അയച്ചുവെന്നുമാണ് പോലീസ് ദല്‍ഹിയില്‍നിന്നു കസ്റ്റഡിയിലെടുത്ത് ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്യുന്ന ദീപക് എന്ന പ്രഭു പറയുന്നത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
മനുഷ്യക്കടത്തിന്റെ പിന്നില്‍ ആരെല്ലാമായിരുന്നുവെന്നും ബോട്ടില്‍ എവിടെ നിന്നുള്ളവാരാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ദീപക് എന്നയാളും പ്രഭുവും ഒരാള്‍ തന്നെയാണെന്നാണ് നിഗമനം. ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുക തികയാത്തവരെ ബോട്ടില്‍നിന്നു ഇറക്കിവിട്ടതായും അത്തരത്തില്‍ തിരികെ പോന്നവരുടെ കൂടെയാകും ഇയാളും എത്തിയതെന്നുമാണ് പോലീസ് കരുതുന്നത്. ഇയാള്‍ ഓസ്ട്രേലിയയിലേക്കുള്ള സംഘാംഗമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളെ സംഘടിപ്പിച്ച ഏജന്റാണോയെന്നും പരിശോധിക്കും.