ഇടുക്കി- ചിന്നക്കനാല്‍ നടുപ്പാറയില്‍ റിസോര്‍ട്ടുടമയെയും ജീവനക്കാരനെയും കൊന്നത് കാമുകിക്കൊപ്പം ജീവിക്കാന്‍ പണം കണ്ടെത്താനാണെന്ന് പ്രതി കുരുവിളാ സിറ്റി കുളപ്പാറച്ചാല്‍ പഞ്ഞിപറമ്പില്‍ ബോബിന്‍ (36) മൊഴി നല്‍കി. കാമുകിയുടെ ഭര്‍ത്താവിനെ കൊല്ലാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.
ബോബിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് ശാന്തമ്പാറ ചേരിയാര്‍ കറുപ്പന്‍ കോളനിയിലെ ഇസ്രവേല്‍ (30), ഭാര്യ കപില (23) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കപിലയോടൊപ്പം തമിഴ്‌നാട്ടിലെ മധുരയിലെത്തി താമസമാക്കുന്നതിന് പണം കണ്ടെത്തുന്നതിനായിരുന്നു കൊലപാതകം. അടുത്തിടെ കുളപ്പാറച്ചാലിലെ ആശുപത്രിയില്‍ രണ്ട് മാസം കപില കുട്ടിയുമായി കിടന്നിരുന്നു. ഈ സമയത്തുണ്ടായ പരിചയമാണ് പ്രണയത്തിലേക്ക് വളര്‍ന്നത്.
13ന് രാവിലെയാണ് നടുപ്പാറ റിഥംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ ജേക്കബ് വര്‍ഗീസ് (രാജേഷ്-40), ജീവനക്കാരനായ ചിന്നക്കനാല്‍ പവര്‍ ഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.