കൊണ്ടോട്ടി- പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡില്‍ നിയമം കാറ്റില്‍ പറത്തി ഓടിയ ടിപ്പര്‍ ലോറികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ഒമ്പതു മണിയോടെ കരിങ്കല്ലുമായി ചീറിപ്പാഞ്ഞെത്തിയ ലോറി നാട്ടുകാര്‍ തടയുകയായിരുന്നു. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണി മുതല്‍ പത്തുമണി വരെയും വൈകിട്ട് നാലു മണിമുതല്‍ അഞ്ചു മണിവരെയും ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ നിയമം വകവെക്കാതെ അപകടം വരുത്തി ടിപ്പര്‍ ലോറികള്‍ റോഡ് കയ്യടക്കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.
ടിപ്പര്‍ ലോറി തടഞ്ഞതോടെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. നാട്ടുകാരില്‍ ഒരാള്‍ക്ക് വാഹനം തട്ടിയതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങി. പോലീസെത്തി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു. ചെറുതും വലുതുമായ ലോറികളുടെ മല്‍സരയോട്ടമാണ് ആന്തിയൂര്‍കുന്ന് റോഡിലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും ലോറികളുടെ അപകടം വരുത്തിയുളള മല്‍സരയോട്ടത്തിന് പരിഹാരമായിട്ടില്ല.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെന്നാണ് പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് മേഖല. ദിനേന നൂറ് കണക്കിന് ലോറികളാണ് കരിങ്കല്ലിനായി എത്തുന്നത്. ഹൈസ്‌കൂളുകളും എല്‍.പി സ്‌കൂളുകളും മദ്രസകളും ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിയന്ത്രണമില്ലാതെയുളള ടിപ്പര്‍ ലോറികളുടെ സഞ്ചാരം പുളിക്കല്‍ അങ്ങാടിയില്‍ ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ടിപ്പര്‍ ലോറികളുടെ നിയമം തെറ്റിച്ചുള്ള ഓട്ടം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായ സാഹചര്യത്തില്‍ പുളിക്കല്‍ യൂത്ത് അലൈവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുളിക്കല്‍ അങ്ങാടി
യില്‍ പ്രതിഷേധ സംഗമവും ഒപ്പുശേഖരവും നടത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി.