ദമാം - ഉപയോഗ കാലാവധിയിൽ കൃത്രിമം നടത്തി വിൽപന നടത്തുന്നതിന് സൂക്ഷിച്ച സ്‌പ്രേ ശേഖരം വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് അൽകോബാറിലെ ഗോഡൗൺ റെയ്ഡ് ചെയ്താണ് സ്‌പ്രേ ശേഖരം പിടിച്ചെടുത്തത്. പഴയ കാലാവധി തിരുത്തി പുതിയ കാലാവധി രേഖപ്പെടുത്തി വിൽപനക്ക് സൂക്ഷിച്ച 1,430 പാക്കറ്റ് സ്‌പ്രേ സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തു. സ്‌പ്രേ പാക്കറ്റുകളിൽ പതിക്കുന്നതിന് സൂക്ഷിച്ച, പുതിയ കാലാവധി രേഖപ്പെടുത്തിയ വൻ സ്റ്റിക്കർ ശേഖരവും സ്ഥാപനത്തിൽ കണ്ടെത്തി. സ്ഥാപനം അധികൃതർ അടപ്പിച്ചു. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമകളെ വാണിജ്യ, നിക്ഷേപ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.