കോഴിക്കോട്- വഖഫ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
ഉന്നയിച്ച പരാതികള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരമായി. സമസ്തക്ക് തൃപ്തികരമാംവിധം പ്രശ്‌നം പരിഹരിക്കുമെന്ന് വകുപ്പു മന്ത്രി കെ.ടി. ജലീല്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് മുതവല്ലിമാര്‍ ശനിയാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ധര്‍ണ പിന്‍വലിച്ചു. ഫെബ്രുവരി 28ന് മുമ്പ് വിഷയത്തില്‍ തീര്‍പ്പുണ്ടാകുമെന്ന് മന്ത്രി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
മൂന്നംഗ വഖഫ് ട്രൈബ്യൂണലില്‍ ജില്ലാ ജഡ്ജി കെ. സോമനെ കൂടാതെ നിയമിച്ച രണ്ട് പേരും കാന്തപുരം വിഭാഗക്കാരായതിനാലാണ് സമസ്ത പ്രതിഷേധം അറിയിച്ചത്. ധനകാര്യ അണ്ടര്‍ സെക്രട്ടറി എ.സി. ഉബൈദുല്ല, അഡ്വ. ടി.കെ. ഹസന്‍ എന്നിവരെയാണ് സര്‍ക്കാര്‍ നിയമിച്ചിരുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വഖഫ് മുതവല്ലിമാരെ അണിനിരത്തി ശനിയാഴ്ച ഉദ്ഘാടന വേദിക്കുമുന്നില്‍ ധര്‍ണ നടത്തുമെന്ന് സമസ്ത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമസ്ത മുശാവറ അംഗങ്ങളായ ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സുന്നി യുവജനസംഘം സംസ്ഥാന നേതാക്കളായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു.