കൊച്ചി- മുനമ്പം മനുഷ്യക്കടത്തു കേസിൽ മുഖ്യപ്രതിയെന്നു കരുതുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തൻ രാജ്യാന്തര മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് സൂചന. തിരുവനന്തപുരം വെങ്ങാനൂരിലെ ശ്രീകാന്തന്റെ വീട്ടിലെ പൊലീസ് പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായുമറിയുന്നു. കേരളത്തിൽനിന്നുള്ള മനുഷ്യക്കടത്തിന് ഇയാളാണ് നേതൃത്വം നൽകിയതെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇയാൾ കേരളത്തിൽ മുമ്പും മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ചിത്രവും പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
അതേസമയം, ഡൽഹി, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്തിലെ മറ്റു കണ്ണികളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംഘത്തിലെ പ്രധാന കണ്ണിയായ ശ്രീകാന്തൻ തമിഴ്‌നാട്ടിൽ മനുഷ്യക്കടത്തു നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലെ നിരവധിപേരിൽനിന്ന് ഓസ്‌ട്രേലിയയിൽ എത്തിക്കാമെന്ന് പറഞ്ഞ് സംഘം പണം വാങ്ങി. ഇത്തരത്തിൽ കേരളത്തിൽ 200 ഓളം പേരെ എത്തിച്ചു. ഇതിൽ കൂടുതൽപേരും തിരിച്ചു മടങ്ങിയതായാണ് സൂചന. അതേസമയം ശ്രീകാന്തനുമായി ബന്ധമുണ്ടെന്നു കരുതുന്ന നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മുനമ്പം സ്വദേശിയിൽനിന്ന് ബോട്ടുവാങ്ങാൻ ഇടനിലക്കാരായി നിന്നവരെയയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. മീൻപിടിക്കാനെന്നു പറഞ്ഞാണ് സംഘം ബോട്ടു വാങ്ങിയതെന്നാണ് ഇവരുടെ മൊഴി.