- പലിശരഹിത നിക്ഷേപത്തിലൂടെ കോടികളുടെ തട്ടിപ്പ്
കോഴിക്കോട് - പലിശരഹിത നിക്ഷേപം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പിനെതിരെ ശക്തമായ നടപടികൾ എടുക്കുവാൻ പോലീസ് ഒരുങ്ങുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ തന്നെ തലശ്ശേരി സ്വദേശിയായ ഒരു വ്യക്തി ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നെങ്കിലും ഹീരയുടെ കേരളത്തിലെ ഏക ഓഫീസ് സ്ഥിതി ചെയ്യുന്ന ഇടിയങ്കര പരിധിയിലെ ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ കാര്യമായ നടപടികളൊന്നുമെടുത്തിരുന്നില്ല.
എന്നാൽ ഒക്‌ടോബർ 18ന് നൗഫീറാശൈഖിനെ ഹൈദരാബാദിൽവെച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ വിവരം ചെമ്മങ്ങാട് പോലീസിലും സ്‌പെഷ്യൽബ്രാഞ്ചിലും അിറഞ്ഞിരുന്നെങ്കിലും അന്വേഷണത്തിൽ വേണ്ടത്ര പുരോഗതിയുണ്ടായിരുന്നില്ല. ഈ സമയത്ത് ഇക്കാര്യം ആദ്യമായി മലയാളം ന്യൂസ് വാർത്തയാക്കിയിരുന്നു. എന്നാൽ പിന്നീട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പരാതിക്കാർ ദിനേന എത്തുവാൻ തുടങ്ങിയതോടെയാണ് പോലീസ് ഈ വിഷയംകൂടുതൽ ഗൗരവമായെടുത്തത്. ഇതിനിടെ ഇവിടത്തെ മുംബൈ സ്വദേശിയായ മാനേജറെ പോലീസ് സ്റ്റേഷനിൽവിളിപ്പിച്ച് ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ആദ്യംമുതൽ ഹീരയുടെ ഹൈദരാബാദിലെ ഹെഡ് ഓഫീസിനുമുൻപിൽ നിക്ഷേപകർ സമരം തുടങ്ങിയിരുന്നു. ഈ പ്രക്ഷോഭകരുടെ നിർബന്ധത്തിനുവഴങ്ങിയാണ് ഒക്‌ടോബറിൽ ഇവരെ അറസ്റ്റു ചെയ്തത്. നൗഫീറാ ശൈഖ് ഇപ്പോൾ മുംബൈയിലെ ജയിലിലാണുള്ളത്.
സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചന്വേഷിക്കുന്ന ഹൈദരാബാദിലെ എസ് എഫ് ഐ ഒ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. എൻഫോഴ്‌സ്‌മെന്റിന്റെ ടീമും ഈ കേസിനെക്കുറിച്ചുള്ള അന്വേഷണം നടത്തിയിരുന്നു. പതിനേഴോളം പേർ പരാതി നല്കിയതായാണ് അറിയുന്നത്. ഇതിൽ നടത്തിയ തുടർഅന്വേഷണങ്ങളും മറ്റു കാര്യങ്ങളുമെല്ലാം എൻഫോഴ്‌സ്‌മെന്റിന് കൈമാറുവാനാണ് ലോക്കൽ പോലീസ് ഉദ്ദേശിക്കുന്നത്. കൂടാതെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഉന്നതദ്യോഗസ്ഥർക്ക് ശിപാർശയും നല്കിയിട്ടുണ്ട്.
ഇപ്പോൾ പരാതി നല്കിയതിന്റെ മൂന്നിരട്ടിപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സ്‌പെഷ്യൽബ്രാഞ്ചിന്റെ നിഗമനം. എന്നാൽ പലരും സമൂഹത്തിലെ പല ഉന്നതരായതിനാൽ പുറത്തുപറയാതിരിക്കുകയാണെന്നാണ് പോലീസ് നിഗമനം. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ഒരു മതത്തിൽപ്പെട്ട വിശ്വാസികളാണ്. പലിശരഹിത ഇടപാടിലൂടെ ലാഭം പ്രതീക്ഷിച്ച് ലക്ഷങ്ങൾനഷ്ടപ്പെട്ടുവെന്ന് പറയുവാൻ ഇതിൽപ്പെട്ട പലർക്കുമുള്ള മടികൊണ്ടാണ് കൂടുതൽ ആളുകൾ രംഗത്തേക്ക് വരാതിരിക്കുന്നത്. കഴിഞ്ഞ വർഷം 2014 ഏപ്രിലിൽ വരെ നിക്ഷേപകർക്ക് കൃത്യമായി ലാഭവിഹിതം നല്കിയിരുന്നു. ഇതിനുശേഷമാണ് ഇത് ലഭിക്കുന്നത് തെറ്റിയത്. എന്നാൽ ഇതിനുശേഷവും മാസങ്ങൾക്ക് കഴിഞ്ഞിട്ടാണ് ഒന്നോരണ്ടോ വ്യക്തികൾ പരാതിയുമായി എത്തുന്നത്. ഒരു ലക്ഷം രൂപക്ക് 3000രൂപയോളമാണ് മാസത്തിൽ ലാഭവിഹിതം. സ്വർണബിസ്‌ക്കറ്റുകൾ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്ത് ഇവിടെ വില്പന നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതമാണ് നല്കുന്നതെന്നാണ് തുടക്കത്തിൽ നിക്ഷേപം നടത്തുവാനായി എത്തുന്നവരോട് ഹീരയുടെ കോഴിക്കോട് ഓഫീസിൽ നിന്ന് നൽകിയിരുന്ന മറുപടി.