ദമാം- ഊബർ ടാക്‌സിയിൽ യാത്ര ചെയ്ത മലയാളി വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിലായി. ഇയാൾ യെമൻ വംശജനാണ്. ഒന്നാം പ്രതിയും അൽബാഹ സ്വദേശിയുമായ സൗദി പൗരൻ മണിക്കൂറുകൾക്കകം പോലീസ് പിടിയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെയും ഊബർ ടാക്‌സി വിവരങ്ങളുടെയും സഹായത്തോടെ പോലീസ് നടത്തിയ സമർഥമായ നീക്കമാണ് പ്രതികളെ ഉടൻ വലയിലാക്കാൻ സഹായിച്ചത്.
അൽകോബാറിലെ പ്രമുഖ വ്യവസായിയായ കണ്ണൂർ സ്വദേശിയുടെ മകനും ദമാം ഇന്ത്യൻ സ്‌കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ ഷയ്‌സിനെയാണ് കഴിഞ്ഞ ദിവസം ദമാമിലെ ട്യൂഷൻ സെന്ററിലേക്ക് യാത്ര തിരിക്കവെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്. അൽകോബാറിൽ നിന്നും ദമാമിലേക്കുള്ള വഴി തിരിച്ച ഡ്രൈവർ ഫൈസലിയ റൊമാൻസിയ ഹോട്ടലിന് സമീപം യെമനിയെയും വാഹനത്തിൽ കയറ്റി ദമാമിലേക്ക് പോകാതെ റിയാദ് റോഡിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നു.
ഷേയ്‌സ് ബഹളം വെക്കാൻ തുടങ്ങിയതോടെ റിയാദ് റോഡിൽ ആളൊഴിഞ്ഞ മരുഭൂമിക്ക് സമീപം കാറിൽനിന്ന് പുറത്തേക്കു തള്ളിയിട്ട് ഇരുവരും കടന്നു കളയുകയായിരുന്നു. പിന്നീട് ആ വഴി വന്ന ഒരു സ്വദേശി പൗരൻ പോലീസിനെ വിളിച്ച് തൊട്ടടുത്ത സ്റ്റേഷനിൽ എത്തിച്ചു പരാതി നൽകുകയായിരുന്നു.