റിയാദ് - ഈജിപ്തിൽനിന്ന് സവാള ഇറക്കുമതി ചെയ്യുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം താൽക്കാലികമായി വിലക്കേർപ്പെടുത്തി. ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത സവാളയിൽ ആഗോള തലത്തിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയതായി പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ലൈവ്‌സ്റ്റോക്ക് റിസ്‌ക് അസസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. സനദ് അൽഹർബി അറിയിച്ചു. വിലക്കേർപ്പെടുത്തിയ കാര്യം അതിർത്തി പ്രവേശന കവാടങ്ങളിലെ ക്വാറന്റൈനുകളെ അറിയിച്ചിട്ടുണ്ട്. രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള മുഴുവൻ മുൻകരുതൽ നടപടികളും മന്ത്രാലയം നടപ്പാക്കുമെന്നും ഡോ. സനദ് അൽഹർബി പറഞ്ഞു.