റിയാദ് - തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും സഹകരിച്ച് നടത്തിയ റെയ്ഡിനിടെ 2,60,000 ത്തിലേറെ പാക്കറ്റ് വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. ഇതിൽ 1652 ഇനം സൗന്ദര്യ വർധക വസ്തുക്കൾ സൗദി ഫുഡ് ആന്റ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്തവയാണ്. വ്യാജ സൗന്ദര്യ വർധക വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങൾ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് വൻ തോതിൽ ഇത്തരം ഉൽപന്നങ്ങൾ സൂക്ഷിച്ച ദക്ഷിണ റിയാദിലെ ഗോഡൗൺ വാണിജ്യ, നിക്ഷേപ മന്ത്രാലയം കണ്ടെത്തിയത്.
തുടർന്ന് സുരക്ഷാ വകുപ്പുകളുടെ സഹായത്തോടെ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഗോഡൗൺ റെയ്ഡ് ചെയ്യുകയായിരുന്നു. ഗോഡൗണിനു കീഴിലെ വ്യാപാര സ്ഥാപനത്തിന്റെ ശാഖകൾ വഴി സ്ഥാപന അധികൃതർ കിഴക്കൻ പ്രവിശ്യയിൽ വ്യാജ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
റെയ്ഡിനിടെ ലഭിച്ച വിവരങ്ങൾ പ്രകാരം സ്ഥാപനത്തിനു കീഴിൽ ദമാമിലും അൽകോബാറിലും പ്രവർത്തിക്കുന്ന ശാഖകളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ 77,000 ത്തിലേറെ പാക്കറ്റ് വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. നിയമ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന നടത്തിപ്പുകാരെ വാണിജ്യ, നിക്ഷേപ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.