റിയാദ് - വേതന വിതരണത്തിന് കാലതാമസം വരുത്തുന്നവർക്ക് ലേബർ കോടതികൾ പിഴ ചുമത്താൻ ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി. നിയമാനുസൃത കാരണമോ ന്യായീകരണമോ ഇല്ലാതെ തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം നൽകിയിട്ടില്ലെന്ന് കോടതികൾക്ക് ബോധ്യപ്പെട്ടാൽ, വിതരണം ചെയ്യാത്ത വേതനത്തിന്റെ ഇരട്ടിയിൽ കൂടാത്ത തുക പിഴയായി തൊഴിലുടമക്ക് ചുമത്തുന്നതിന് തൊഴിൽ നിയമത്തിലെ 94 ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഈ വകുപ്പ് നടപ്പാക്കി നിയമ ലംഘകർക്ക് പിഴ ചുമത്തുന്നത് തൊഴിലാളികളുടെ വേതന വിതരണം വൈകിക്കുന്ന പ്രവണതക്ക് തടയിടുന്നതിനും വേതനവുമായി ബന്ധപ്പെട്ട കേസുകളും തർക്കങ്ങളും കുറക്കുന്നതിനും സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനും സഹായകമാകുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ രണ്ടു മാസം മുമ്പാണ് നീതിന്യായ മന്ത്രാലയത്തിനു കീഴിൽ ലേബർ കോടതികൾ പ്രവർത്തനം തുടങ്ങിയത്. ഇതിനു മുമ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രായത്തിനു കീഴിലെ ലേബർ ഓഫീസുകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തൊഴിൽ തർക്ക പരിഹാര സമിതികളാണ് തൊഴിൽ കേസുകളിൽ തീർപ്പ് കൽപിച്ചിരുന്നത്. രണ്ടു മാസത്തിനിടെ ലേബർ കോടതികൾക്കു മുന്നിൽ നാലായിരത്തോളം കേസുകൾ എത്തി. ഇതിൽ 40.5 ശതമാനവും റിയാദ് ലേബർ കോടതിയിലാണ് എത്തിയത്. റിയാദ് ലേബർ കോടതിയിൽ 1619 തൊഴിൽ കേസുകളും രണ്ടാം സ്ഥാനത്തുള്ള ദമാം ലേബർ കോടതിയിൽ 903 കേസുകളും ബുറൈദ ലേബർ കോടതിയിൽ 376 കേസുകളും അൽഹസ ലേബർ കോടതിയിൽ 329 കേസുകളും തബൂക്ക് ലേബർ കോടതിയിൽ 326 കേസുകളും ജിദ്ദ ലേബർ കോടതിയിൽ 293 കേസുകളും ഇക്കാലയളവിൽ എത്തി.
അന്യായമായി പിരിച്ചുവിട്ട സൗദി പൗരന് സ്വകാര്യ കമ്പനി പത്തു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് റിയാദ് കോടതി വിധിച്ചതാണ് രാജ്യത്തെ ലേബർ കോടതികൾ ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രധാന വിധി. പരാതിക്കാരന് കമ്പനി വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും തീർത്തു നൽകണമെന്നും റിയാദ് കോടതി വിധിച്ചിരുന്നു. ഇരുപതിനായിരം റിയാലിൽ കവിയാത്ത തുകയുടെ കേസുകളിൽ ലേബർ കോടതികൾ പ്രഖ്യാപിക്കുന്ന വിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ സ്വീകരിക്കില്ല. ഇത്തരം കേസുകളിൽ ലേബർ കോടതികളുടെ വിധികൾ അന്തിമമായിരിക്കും.