റിയാദ് - ഒളിച്ചോടിയ വേലക്കാരിയെ അന്വേഷിച്ച് കിഴക്കൻ റിയാദിലെ വീടുകളിൽ കയറി പരിശോധിക്കാൻ ശ്രമിച്ച രണ്ടു വനിതകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വനിതകളിൽ ഒരാൾ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥ ചമഞ്ഞാണ് വീടുകളിൽ പരിശോധന നടത്താൻ ശ്രമിച്ചതെന്ന് റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി അറിയിച്ചു. കിഴക്കൻ റിയാദിലെ വീട്ടിൽ രണ്ടു വനിതകൾ പരിശോധനക്ക് എത്തിയതായി തിങ്കളാഴ്ച രാത്രിയാണ് പോലീസിൽ പരാതി ലഭിച്ചത്. ഇവർ പ്രദേശത്തെ മറ്റു വീടുകളിലെ വാതിലുകളിൽ മുട്ടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഒളിച്ചോടിയ വേലക്കാരിയെ അന്വേഷിച്ചാണ് തങ്ങൾ എത്തിയതെന്നും പോലീസുകാർ തങ്ങളെ കണ്ടെത്തിയ വീട്ടിൽ വേലക്കാരിയുള്ളതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും വാദം ശരിയല്ലെന്ന് വ്യക്തമായി. തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി പറഞ്ഞു.