ജിസാന്‍ - വിദേശ തൊഴിലാളിയുടെ കാര്‍ ഓടിച്ച് നടത്തിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ സ്‌പോണ്‍സറായ സൗദി പൗരന്‍ ഒടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതി വിധി. വിദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.
സൗദി പൗരന്‍ വരുത്തിയ 15 ഗതാഗത നിയമ ലംഘനങ്ങളില്‍ വിദേശിയുടെ പേരില്‍ ട്രാഫിക് ഡയറക്ടറേറ്റ് പതിനായിരത്തോളം റിയാല്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ പിഴയൊടുക്കാന്‍ സ്‌പോണ്‍സറും വിദേശി തൊഴിലാളിയും തയാറായില്ല. ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ കേസ് ലേബര്‍ കോടതിക്കു മുന്നിലെത്തുകയായിരുന്നു. പ്രശ്‌നത്തിന് ലേബര്‍ കോടതി അനുരഞ്ജനമുണ്ടാക്കിയെങ്കിലും ഫൈന്‍ അടക്കാന്‍ സൗദി പൗരന്‍ അപ്പോഴും തയാറായില്ല.
തുടര്‍ന്ന് വിദേശി ജിസാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി അഞ്ചു ദിവസത്തിനകം സൗദി പൗരന്‍ മുഴുവന്‍ പിഴയും അടക്കണമെന്ന് ഉത്തരവിട്ടു. അല്ലാത്ത പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ മൂന്നു മാസത്തിനകം വിദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറ്റുന്നതിനും കോടതി ഉത്തരവിട്ടു.