ദമാം - സ്വകാര്യ മേഖലയില്‍ കൂടുതല് സൗദികള്‍ക്ക് ജോലി ലഭിക്കുന്നതിന് നിതാഖാത്ത് സഹായകമായതായി ഖത്തീഫ് ലേബര്‍ ഓഫീസ് ആക്ടിവിറ്റീസ് ആന്റ് പ്രോഗ്രാം വിഭാഗം മേധാവി ഇബ്രാഹിം അല്‍മര്‍സൂഖ്. അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയിലെ സൗദിവല്‍ക്കരണ അനുപാതം 13 ല്‍നിന്ന് 17 ശതമാനമായി ഉയര്‍ത്താന്‍ നിതാഖാത്തിലൂടെ സാധിച്ചു. സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുന്നതിനും നിതാഖാത്ത് സഹാകയമായി.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലെയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ സ്ഥാപനങ്ങളിലെയും ആകെ ജീവനക്കാരുടെ എണ്ണത്തില്‍ സൗദികളുടെ അനുപാതം കണക്കാക്കിയാണ് നിതാഖാത്തില്‍ സ്ഥാപനങ്ങളുടെ വിഭാഗം നിര്‍ണയിക്കുന്നത്. പാര്‍ട്‌ടൈം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സൗദികളെയും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സൗദി വിദ്യാര്‍ഥികളെയും അര തൊഴിലാളിക്ക് സമമായാണ് നിതാഖാത്തില്‍ കണക്കാക്കുന്നത്. ഭിന്നശേഷിക്കാരനെ ജോലിക്കു വെക്കുന്നത് നാലു സ്വദേശികളെ ജോലിക്കു വെക്കുന്നതിന് തുല്യമായി നിതാഖാത്തില്‍ കണക്കാക്കും. ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതരാകുന്ന സൗദികളെ ജോലിക്കു വെക്കുന്നത് രണ്ടു സൗദികളെ ജോലിക്കു വെക്കുന്നതിന് തുല്യമാണ്.
കുറഞ്ഞത് മൂവായിരം റിയാല്‍ വേതനം ലഭിക്കുന്നവരെ മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങളിലെ പൂര്‍ണ തോതിലുള്ള ജീവനക്കാരായി കണക്കാക്കുക. നിശ്ചിത ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍, മന്ത്രാലയ സേവനങ്ങള്‍ എളുപ്പമാക്കുന്നതിനാണ് നിതാഖാത്തിലൂടെ ലക്ഷ്യമിടുന്നത്.