ദുബായ്- കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുബായില്‍ പറഞ്ഞു. കാരാട്ട് റസാഖിന്റെ കാര്യത്തില്‍ സ്പീക്കര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് കെ.എം. ഷാജി എം.എല്‍.എയും എം.കെ. മുനീര്‍ എം.എല്‍.എയും പറഞ്ഞിരുന്നു.
നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. അതേസമയം അത് ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്.
സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള സമയം കൊടുത്തിരിക്കുന്നു. അതുകൊണ്ട് ആ ഒരു മാസത്തിനുള്ളില്‍ അപ്പീലിന്റെ ഭാഗമായി സ്‌റ്റേ കിട്ടിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെയും ഇതേ നടപടികള്‍ തന്നെയായിരിക്കും സംഭവിക്കുക. കെ.എം. ഷാജിയുടെ കാര്യത്തില്‍ 15 ദിവസത്തേക്കു സ്‌റ്റേ ചെയ്തു. 15 ദിവസത്തിനകം അദ്ദേഹത്തിന് സ്‌റ്റേ ഉത്തരവ് കിട്ടിയില്ല. ആ സാഹചര്യത്തില്‍ വേറെ നിര്‍വാഹമുണ്ടായിരുന്നില്ല.
നിയമപരമായി അദ്ദേഹത്തെ സഭയില്‍ വരാന്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതേ സ്ഥിതി ഇതിലും തുടരും. വിവേചനത്തിന്റെ പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ല. കാരാട്ട് റസാഖിന് ഒരു മാസത്തിനകം ഇപ്പോഴുള്ള വിധിയെ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെങ്കില്‍ അദ്ദേഹത്തെ അയോഗ്യനാക്കേണ്ടിവരും-സ്പീക്കര്‍ പറഞ്ഞു.