പിണറായി ഭക്തന്മാരോ, സോ കോൾഡ് നവോത്ഥാന കാമ്പയിനർമാരോ മറുഭാഗത്ത് കടുത്ത ആചാരവാദികളോ അല്ലാത്ത സാധാരണ മലയാളികളുടെയെല്ലാം മനസ്സിൽ തോന്നിയ കാര്യമാണ് പ്രകാശ് രാജും പറഞ്ഞത്. പക്ഷേ അങ്ങനെ ചെയ്താൽ സി.പി.എമ്മിന് എന്തു ഗുണം? ഏതായാലും പിണറായി ലക്ഷ്യമിടുന്ന നവോത്ഥാനത്തിന് കേരളം പാകപ്പെട്ടോ എന്ന് വരുന്ന തെരഞ്ഞെടുപ്പുകളിൽ അറിയാം.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പിണറായി വിജയൻ സർക്കാർ അമിത ആവേശം കാട്ടിയെന്ന് പ്രശസ്ത തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. ഈ തിടുക്കം ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പിന് സാഹചര്യമൊരുക്കിയെന്നും അദ്ദേഹം പറയുന്നു. സംഘർഷ ഭരിതമായ ഒരു മണ്ഡലകാലം അവസാനിച്ച വേളയിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
തന്റെ രാഷ്ട്രീയവും മതേതര നിലപാടുകളും വെട്ടിത്തുറന്ന് പറയുന്ന തെന്നിന്ത്യൻ സിനിമയിലെ അപൂർവം നടന്മാരിലൊരാളാണ് പ്രകാശ് രാജ്. പറയുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യും. അതിന്റെ പേരിൽ സംഘ്പരിവാറിൽനിന്ന് നിരന്തരം വിമർശനം നേരിടുന്നയാളാണദ്ദേഹം. നിലപാടുകളുടെ പേരിൽ കേരളത്തെ ഇടതുപക്ഷത്തിന് പൊതുവിൽ പ്രിയങ്കരനുമാണ്. പക്ഷേ ശബരിമല വിഷയത്തിൽ ഇപ്പോൾ നടത്തിയ പ്രതികരണം കണ്ടപ്പോൾ, മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞതാണ് ഓർമ വന്നത്. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല.
സുപ്രീം കോടതി വിധിയാവട്ടെ, നാട്ടിൻപുറത്തെ അതിർത്തി തർക്കമാവട്ടെ ഏത് വിഷയത്തിലും തങ്ങളുടെ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇടപെടുന്ന പാർട്ടിയാണ് സി.പി.എം എന്ന് കേരളത്തിൽ ജനിച്ചുവളർന്നവർക്കെല്ലാം അറിയാം. കേരളീയനല്ലാത്തതുകൊണ്ടാവും പ്രകാശ് രാജിന് അതറിയാതെ പോയത്. ഏത് വിഷയത്തിലായാലും പാർട്ടി താൽപര്യത്തിന് മാത്രം പരിഗണന നൽകുക എന്നതാണ് സി.പി.എമ്മിന്റെ ഒരു രീതി. സമൂഹത്തിന്റെ പൊതുതാൽപര്യമോ, ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സമാധാനമോ, എന്തിന് നാടിന്റെ താൽപര്യം പോലുമോ അവർ പരിഗണിക്കാറില്ല. ഏതെങ്കിലുമൊരു വിഷയത്തിൽ അപ്പോൾ പാർട്ടിക്ക് ഗുണമാണെന്നു കണ്ടാൽ മുമ്പ് പറഞ്ഞത് വിഴുങ്ങി തികച്ചും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനും അവർക്കൊരു മടിയുമില്ല. ദോഷം പറയരുതല്ലോ, എന്തു നിലപാടെടുത്താലും അതിന് പ്രത്യശാസ്ത ന്യായീകരണം കണ്ടെത്താനും അതേറ്റു പാടാനും അവരുടെ നേതാക്കൾക്കും അണികൾക്കും നല്ല മിടുക്കാണ്. കംപ്യൂട്ടർ, സ്വാശ്രയ വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങി എന്തെല്ലാം വിഷയങ്ങളിൽ സി.പി.എമ്മിന്റെ കരണം മറിച്ചിലുകൾ നമ്മൾ കണ്ടതാണ്. ഏറ്റവുമൊടുവിലത്തെ ഉദാഹരണം ആലപ്പാട്ടെ കരിമണൽ ഖനനമാണ്.
മുമ്പ് മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ വിഷയത്തിൽ സി.പി.എം തങ്ങളുടെ സ്വാഭാവിക പരിസ്ഥിതി നിലപാടുകൾക്ക് വിരുദ്ധമായ സമീപനം കൈക്കൊണ്ടു. സി.പി.എം സഹയാത്രികരുടെ 'തിങ്ക് ടാങ്ക്' എന്ന് വിശേഷിപ്പിക്കാവുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. റിപ്പോർട്ടിനെതിരെ ഹൈറേഞ്ചിൽ ജനവികാരമുയർന്നപ്പോൾ സി.പി.എം അവർക്കൊപ്പമായി. പൊതുവെ യു.ഡി.എഫിന് അനുകൂലമായ ഹൈറേഞ്ച് മേഖലയിൽ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നിൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലുമെല്ലാം ആ മേഖലയിൽ സി.പി.എം നേട്ടം കൊയ്യുകയും ചെയ്തു.
അങ്ങനെയെങ്കിൽ ശബരിമല വിഷയത്തിലും ഹൈന്ദവ വിശ്വാസികൾക്കൊപ്പം നിൽക്കുയകല്ലേ സി.പി.എം ചെയ്യേണ്ടിയിരുന്നത്, അങ്ങനെ അവർ ചെയ്തില്ലല്ലോ എന്ന് സ്വാഭാവികമായും ചോദിക്കാം. അവിടെയാണ് സി.പി.എമ്മിന്റെ ബുദ്ധി. നവോത്ഥാനമൊന്നുമല്ല, നല്ല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സി.പി.എം ഈ വിഷയത്തിൽ ഇടപെട്ടത്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി വന്നപ്പോൾ ഏറ്റവും അസ്വസ്ഥരായത് ഭക്തന്മാരായ ഹിന്ദു സമൂഹമാണ്. പിന്നെ ഈ വിഭാഗത്തിൽ സ്വാധീനമുള്ള കോൺഗ്രസ്, ബി.ജെ.പി എന്നീ പാർട്ടികളും. വിധി വന്നപ്പോൾ ഈ രണ്ട് പാർട്ടികളിലും ആശയക്കുഴപ്പം വ്യക്തമായിരുന്നു. കേന്ദ്ര നേതൃത്വത്തിന് ഒരു നിലപാട്, കേരള നേതൃത്വത്തിന് വേറൊരു നിലപാട്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കേണ്ട എന്ന വിശ്വാസികളുടെ പൊതു താൽപര്യത്തിനൊപ്പമായിരുന്നു നേരത്തെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അതുകൊണ്ടാണല്ലോ, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അത്തരമൊരു സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. മുൻ വി.എസ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് പകരമായിരുന്നു അത്. പിണറായി സർക്കാർ വന്നപ്പോൾ സത്യവാങ്മൂലം പിന്നെയും മാറി.
സുപ്രീം കോടതി വിധി വന്നതോടെ വിശ്വാസികൾക്കൊപ്പമേ കോൺഗ്രസും ബി.ജെ.പിയും നിൽക്കൂ എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പിണറായി തന്റെ നിലപാട് കടുപ്പിച്ചിച്ചത്. വിശ്വാസി സമൂഹത്തിന്റെ പിന്തുണക്കായി കോൺഗ്രസും ബി.ജെ.പിയും മത്സരിക്കുമ്പോൾ നഷ്ടം കോൺഗ്രസിനാണെന്ന് അദ്ദേഹം കണക്കുകൂട്ടി. മത്സരത്തിൽ കോൺഗ്രസ് പിന്നോട്ട് പോവുകയും ബി.ജെ.പി ഇരച്ചുകയറുകയും ചെയ്താൽ ദീർഘകാലത്തേക്ക് കേരളം സി.പി.എമ്മിന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് അദ്ദേഹത്തിനറിയാം. സാധാരണ തെരഞ്ഞെടുപ്പുകളിൽ അഞ്ച് ശതമാനമാണ് കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം. ഓരോ തെരഞ്ഞെടുപ്പിലും മാറിയും മറിഞ്ഞും വരുമെന്നു മാത്രം. യു.ഡി.എഫിനു പരമ്പരാഗതമായി കിട്ടുന്നതിൽ അഞ്ച് ശതമാനം വോട്ട് ബി.ജെ.പി പാളയത്തിൽ പോയി കിട്ടിയാൽ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് അനായാസ ജയം ഉറപ്പാണ്. ഹിന്ദു വിശ്വാസികൾക്കു വേണ്ടി സംസാരിക്കുന്ന കോൺഗ്രസ് നേതാക്കളെ മുഴുവൻ സംഘികളായി മുദ്ര കുത്തിയാൽ പരമ്പരാഗത യു.ഡി.എഫ് അനുകൂലികളായ ന്യൂനപക്ഷങ്ങളിൽ സംശയമുണ്ടാക്കുകയും ചെയ്യാം. ഒരു വെടിക്ക് രണ്ട് പക്ഷി. ജനസംഖ്യയിൽ പകുതിയും ന്യൂനപക്ഷ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുള്ള കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വരാൻ പോകുന്നില്ല. പക്ഷേ കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെടുന്ന പക്ഷം ന്യൂനപക്ഷങ്ങൾക്ക് പിന്നീട് എൽ.ഡി.എഫ് മാത്രമേ അഭയമുള്ളൂ എന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.
ദൂരവ്യാപക രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ നിലപാട് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. സി.പി.എം അനുഭാവികളും അതേസമയം ക്ഷേത്ര വിശ്വാസികളുമായവർക്ക് അത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും അദ്ദേഹം കാര്യമാക്കാതിരുന്നതും അതുകൊണ്ടാണ്. ഇക്കാര്യത്തിൽ അൽപം മൃദു സമീപനമുള്ള തന്റെ പാർട്ടിക്കാരായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും വിരട്ടിയും കണ്ണുരുട്ടിയും ഒതുക്കുകയും ചെയ്തു. കേരളത്തിൽ സി.പി.എമ്മിന് ഭരണ തുടർച്ചയുണ്ടാവുകയും സംസ്ഥാനം മുഴുവൻ കരിവെള്ളൂരിലെ ഒരു പാർട്ടി ഗ്രാമം പോലെയോ, അല്ലെങ്കിൽ മടപ്പള്ളി ഗവൺമെന്റ് കോളേജ് കാമ്പസ് പോലെയോ ആവുകയും ചെയ്തുകഴിഞ്ഞാൽ പിന്നെ തിരുവായ്ക്ക് എതിർവാ ഉണ്ടാവില്ലല്ലോ. ഇതാണ് പിണറായി മുന്നിൽ കാണുന്ന സാക്ഷാൽ നവോത്ഥാനം. ഇതിനെയാണ് രമേശ് ചെന്നിത്തലയുടെയും കൂട്ടരും പേടിക്കുന്നതും.
സുപ്രീം കോടതി വിധി വന്ന സ്ഥിതിക്ക് വിശ്വാസികളായ ഹിന്ദു യുവതികൾക്ക് ശബരിമലയിൽ പോകണമെന്നുണ്ടെങ്കിൽ അവർ പോകുമെന്നുറപ്പാണ്. അതുപക്ഷേ ഇന്നോ നാളെയോ സംഭവിക്കണമെന്നില്ല. വർഷങ്ങളെടുത്ത് കുറേശ്ശെ കുറേശ്ശെയായി അതങ്ങ് സംഭവിച്ചുകൊള്ളും. അവരെ ആരും തള്ളി വിടേണ്ടതുമില്ല. വിധി പ്രസ്താവിച്ച സുപ്രീം കോടതി ഡിവിഷൻ ബെഞ്ചും അത്രയൊക്കെയേ ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. ഒരു കാലത്തും അമ്പലത്തിൽ പോയിട്ടില്ലാത്ത, ഈശ്വര വിശ്വാസം തന്നെയില്ലാത്ത സ്ത്രീകളെ പോലീസ് കമാണ്ടോകളുടെ സംരക്ഷണത്തിൽ നട്ടപ്പാതിരാക്ക് ശബരിമല കേറ്റിച്ചോളണമെന്നൊന്നും കോടതി പറഞ്ഞിട്ടുമില്ല.
പിണറായി ഭക്തന്മാരോ, സോ കോൾഡ് നവോത്ഥാന കാമ്പയിനർമാരോ മറുഭാഗത്ത് കടുത്ത ആചാര വാദികളോ അല്ലാത്ത സാധാരണ മലയാളികളുടെയെല്ലാം മനസ്സിൽ തോന്നിയ കാര്യമാണ് പ്രകാശ് രാജും പറഞ്ഞത്. പക്ഷേ അങ്ങനെ ചെയ്താൽ സി.പി.എമ്മിന് എന്തു ഗുണം? ഏതായാലും പിണറായി ലക്ഷ്യമിടുന്ന നവോത്ഥാനത്തിന് കേരളം പാകപ്പെട്ടോ എന്ന് വരുന്ന തെരഞ്ഞെടുപ്പുകളിൽ അറിയാം.