കൊച്ചി- കൊടുവള്ളി മണ്ഡലത്തിൽനിന്ന് ജയിച്ച ഇടതു സ്വതന്ത്രൻ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു ഫലം ഹൈക്കോടതി റദ്ദാക്കി. വ്യക്തിഹത്യനടത്തുന്ന സി.ഡി പ്രചരിപ്പിച്ചതിനാണ് കാരാട്ട് റസാഖിനെ അയോഗ്യനായി പ്രഖ്യാപിച്ചത്. അതേസമയം, ഉപാധികളോടെ ഉത്തരവിന് സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും കാരാട്ട് റസാഖിന് വോട്ട് ചെയ്യാനാകില്ല. ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാനാകില്ല. 30 ദിവസത്തേക്കാണ് സ്‌റ്റേ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിധി സ്‌റ്റേ ചെയ്യണമെന്ന് കാരാട്ട് റസാഖ് ആവശ്യപ്പെട്ടു. അയോഗ്യത വന്നാല്‍ മണ്ഡലത്തിനു പ്രാധാന്യം നഷ്ടപ്പെടുമെന്ന വാദമാണ് കാരാട്ട് റസാഖ് ഉന്നയിച്ചത്.
വിജയിയായി പ്രഖ്യാപിക്കണമെന്ന എതിര്‍ സ്ഥാനാര്‍ഥി മുസ്‌ലിം ലീഗ് നേതാവ് എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
വ്യക്തിഹത്യ നടത്തുന്ന സി.ഡി പ്രചരിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇടതുമുന്നണിയുമായി ചേർന്ന് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് വിമതനായി സ്വതന്ത്രനായാണ് കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.