കൽപറ്റ- രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്രനേട്ടം. ഗുജറാത്തിനെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ച് കേരളം സെമിയിലെത്തി. പേസർമാരുടെ മികവിലാണ് കേരളം സെമിയിൽ പ്രവേശിച്ചത്. ഇതാദ്യമായാണ് കേരളം സെമിയിൽ എത്തിയത്. 113 റൺസിനാണ് കേരളം ഗുജറാത്തിനെ തോൽപ്പിച്ചത്. ഇന്ന് ജയിക്കാൻ 195 റൺസാണ് ഗുജറാത്തിന് ജയിക്കാൻ ആവശ്യമുണ്ടായിരുന്നത്. ബേസിൽ തമ്പി-സന്ദീപ് വാര്യർ എന്നീ ബോളർമാരാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ബേസിൽ തമ്പി രണ്ടാം ഇന്നിംങ്‌സിൽ അഞ്ചും സന്ദീപ് വാര്യർ നാലും വിക്കറ്റ് വീഴ്ത്തി. ആദ്യ ദിനം 14 വിക്കറ്റും രണ്ടാം ദിനം 16 വിക്കറ്റും നിലംപതിച്ച കളിയിൽ ഗുജറാത്തിന് ജയിക്കാൻ 195 റൺസ് വേണ്ടിയിരുന്നു.
ആദ്യ ഇന്നിംഗ്‌സിൽ കേരളത്തിന്റെ 185 നെതിരെ നാലിന് 197 ൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഗുജറാത്ത് 162 ന് ഓളൗട്ടായി. 23 റൺസിന്റെ നിർണായക ഇന്നിംഗ്‌സ് ലീഡ് സമ്പാദിച്ച കേരളത്തിന് പക്ഷെ രണ്ടാം ഇന്നിംഗ്‌സിൽ 171 റൺസെടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്‌സിൽ ഗുജറാത്തിന് 81 റൺസാണ് നേടാനായത്.
കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 59 ഓവറിൽ അവസാനിച്ചു. 51.4 ഓവറിൽ 162 റൺസാണ് പ്രഥമ ഇന്നിംഗ്‌സിൽ ഗുജറാത്ത് നേടിയത്. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ സിജോമോൻ ജോസഫിനും (56) അതിഥി താരം ജലജ് സക്‌സേനക്കും (44 നോട്ടൗട്ട്) ക്യാപ്റ്റൻ സചിൻ ബേബിക്കും (24) മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഓപണറായി ഇറങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീൻ, ബെയ്‌സിൽ തമ്പി, എം.ഡി. നിധീഷ്, സന്ദീപ് വാര്യർ, പരിക്കു കാരണം പതിനൊന്നാമനായി ബാറ്റിംഗിന് വന്ന സഞ്ജു സാംസൺ എന്നീ അഞ്ച് പേർ പൂജ്യത്തിനു പുറത്തായി. പി. രാഹുൽ (10), വിനൂപ് മനോഹരൻ (16), വിഷ്ണു വിനോദ് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകൾ. മൂന്നു വീതം വിക്കറ്റ് നേടി റൂഷ് കലാരിയയും ഇന്ത്യൻ താരം അക്‌സർ പട്ടേലും ഗുജറാത്ത് ബൗളിംഗ് നിരയിൽ തിളങ്ങി. അർസൻ നഗ്‌വസ്‌വാല രണ്ടും സി.ടി. ഗജ, പിയുഷ് ചൗള എന്നിവർ ഒന്നു വീതവും വിക്കറ്റ് സ്വന്തമാക്കി.
കേരളത്തിന്റെ ബൗളിംഗ് മികവാണ് ഗുജറാത്തിനെ ആദ്യ ഇന്നിംഗ്‌സിൽ 162 റൺസിനു പിടിച്ചുകെട്ടിയത്. നാലിനു 97 എന്ന നിലയിലാണ് ഗുജറാത്ത് രണ്ടാംദിനം പുനരാരംഭിച്ചത്. കേരളത്തിനുവേണ്ടി സന്ദീപ് വാര്യർ നാലും ബെയ്‌സിൽ തമ്പി, എം.ഡി. നിധീഷ് എന്നിവർ മൂന്നു വീതവും വിക്കറ്റ് നേടി.