കോട്ടയം- കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുന്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സമരത്തിനിറങ്ങിയ നാലു കന്യാസ്ത്രീകളെ സഭ സ്ഥലംമാറ്റി. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സിസ്റ്റര്‍മാരായ അനുപമ, ആന്‍സിറ്റ, ആല്‍ഫി, ജോസഫീന്‍ എന്നിവരെയാണ് സ്ഥലം മാറ്റിക്കൊണ്ട് ജലന്ദര്‍ സുപ്പീരിയര്‍ ജനറലാണ് ഉത്തരവു നല്‍കിയത്. മൂന്ന് പേരെ വിവിധ സംസ്ഥാനങ്ങളിലേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നയിച്ച സമരരംഗത്തുണ്ടായിരുന്ന ഇവരുടെ സ്ഥലംമാറ്റത്തിനെതിര പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സെപ്തംബറിലാണ് കന്യാസ്ത്രീകള്‍ പരസ്യമായി ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയത്.
സമരത്തിന്റെ മുഖമായി മാറിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലെ അമൃത്‌സറിലേക്കാണ് മാറ്റിയിരിക്കുന്നത്. സിസ്റ്റര്‍ ആന്‍സിറ്റയെ പരിയാരത്തേക്കും മാറ്റി. സിസ്റ്റര്‍ ആല്‍ഫിയെ ബിഹാറിലേക്കും ജോസഫീനെ ജാര്‍ഖണ്ഡിലേക്കും മാറ്റി. ഉടന്‍ ഇവിടങ്ങളില്‍ എത്തണമെന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ കൈപ്പറ്റിയ സ്ഥലംമാറ്റ അറിയിപ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഷപ്പിനെതിരെ സമരം ചെയ്തത് തെറ്റാണെന്നും കത്തില്‍ 2018 മാര്‍ച്ചില്‍ നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് പാലിക്കണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. അതിനിടെ തന്നെ പുറത്താക്കിയാലും സ്ഥലംമാറിപ്പോകില്ലെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. പീഡനം നേരിട്ട കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട്ടെ മഠത്തില്‍ തുടരുമെന്നും അവര്‍ പറഞ്ഞു.