Sorry, you need to enable JavaScript to visit this website.

റൊണാൾഡോയുടെ പാസ്‌പോർട്ട് പരിശോധനാ ഫോട്ടോ വൈറലായി 

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ജവാസാത്ത് ഉദ്യോഗസ്ഥൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ്‌പോർട്ട് പരിശോധിക്കുന്നു.

ജിദ്ദ - ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ജവാസാത്ത് ഉദ്യോഗസ്ഥൻ ലോകത്തെ ഒന്നാം നമ്പർ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ്‌പോർട്ട് പരിശോധിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ യുവന്റസ് ടീം അംഗവും പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റനുമായ റൊണാൾഡോ ഇറ്റാലിയൻ സൂപ്പർ കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയത്. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി എട്ടരക്കായിരുന്നു യുവന്റസും എ.സി മിലാനും തമ്മിലുള്ള മത്സരം. 
ലോക ഫുട്‌ബോൾ താരമായ റൊണാൾഡോ അടക്കമുള്ള ഫുട്‌ബോൾ ടീം അംഗങ്ങൾ ജിദ്ദയിൽ ഇറങ്ങുന്നതും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും റിപ്പോർട്ട് ചെയ്യുന്നതിന് നിരവധി മാധ്യമങ്ങളുടെ പ്രതിനിധികൾ എയർപോർട്ടിലെത്തിയിരുന്നു. മാധ്യമ പ്രവർത്തകരുടെ ഫഌഷുകൾ തുരുതുരാ മിന്നുന്നതിനിടെയാണ് റൊണാൾഡോയുടെ പാസ്‌പോർട്ട് ജവാസാത്ത് ഉദ്യോഗസ്ഥൻ പരിശോധിച്ചത്. സൗദിയിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് രാജ്യത്തെ എയർപോർട്ടുകളിൽ യാത്രക്കാരുടെ പാസ്‌പോർട്ടുകൾ ജവാസാത്ത് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത് പതിവാണ്. ഈ പതിവ് നടപടിയുടെ ഭാഗമായാണ് റൊണാൾഡോയുടെ പാസ്‌പോർട്ട് ജിദ്ദ എയർപോർട്ട് ജവാസാത്തിലെ ഉദ്യോഗസ്ഥൻ മുശബ്ബബ് സഈദ് അൽഅഹ്മരി പരിശോധിച്ചത്. 
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനോ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിനോ മുശബ്ബബ് സഈദ് അൽഅഹ്മരി വിസമ്മതിച്ചു. ഇക്കാര്യത്തിൽ ജവാസാത്ത് ഡയറക്ടറേറ്റാണ് പ്രതികരണം നൽകേണ്ടതെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നും മുശബ്ബബ് സഈദ് അൽഅഹ്മരി പറഞ്ഞു. റൊണാൾഡോയുടെ മാത്രമല്ല, മറ്റു കളിക്കാരുടെയും പാസ്‌പോർട്ടുകൾ ജവാസാത്ത് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ചു. യാത്രക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലുള്ള ജവാസാത്ത് ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠയാണ് റൊണാൾഡോയുടെ പാസ്‌പോർട്ട് പരിശോധിച്ച ഉദ്യോഗസ്ഥന്റെ പ്രവൃത്തി സൂചിപ്പിക്കുന്നതെന്ന് ജിദ്ദ എയർപോർട്ട് ജവാസാത്ത് വൃത്തങ്ങൾ പറഞ്ഞു. നിയമം എല്ലാവർക്കും മുകളിലാണ്. നിയമം നടപ്പാക്കുന്നതിൽ ആർക്കുമിടയിൽ വേർതിരിവില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 
സ്വന്തം ഡ്യൂട്ടിയാണ് ജവാസാത്ത് ഉദ്യോഗസ്ഥൻ നിർവഹിച്ചതെന്ന് മക്ക പ്രവിശ്യ ജവാസാത്ത് മേധാവി ബ്രിഗേഡിയർ ആബിദ് അൽഹാരിസി പറഞ്ഞു. സൗദിയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പാസ്‌പോർട്ടിൽ വിസക്കു സമീപം എൻട്രി സീൽ പതിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തുകയാണ് ജവാസാത്ത് ഉദ്യോഗസ്ഥൻ ചെയ്തത്. മടക്കയാത്രക്കിടെ നടപടികൾ എളുപ്പമാക്കുന്നതിനാണ് പ്രവേശന നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പാസ്‌പോർട്ടിൽ വിസക്കു സമീപം എൻട്രി സീൽ പതിച്ചിട്ടുണ്ടെന്നും ജവാസാത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തുന്നത്. ഹജ്, ഉംറ തീർഥാടകരും സന്ദർശകരും അടക്കം രാജ്യത്തേക്ക് വരുന്ന മുഴുവൻ പേരെയും സ്വാഗതം ചെയ്യണമെന്നും രാജ്യത്തേക്ക് പ്രവേശനം നൽകുന്നതിനുള്ള നിയമാനുസൃത നടപടിക്രമങ്ങളിൽ വീഴ്ചകൾ വരുത്താതെ എല്ലാവരുടെയും നടപടിക്രമണങ്ങൾ എളുപ്പമാക്കണമെന്നും ജവാസാത്ത് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബ്രിഗേഡിയർ ആബിദ് അൽഹാരിസി പറഞ്ഞു. 
'റൊണാൾഡോ നിയമത്തിനു മുകളിലല്ല. സ്വന്തം ഡ്യൂട്ടി ഭംഗിയായി നിർവഹിച്ച സുരക്ഷാ ഭടന് വലിയ അഭിവാദ്യം. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ആ സമയം റൊണാൾഡോക്ക് ഒപ്പം സെൽഫിയെടുക്കുകയാണ് ചെയ്യുക' -കുവൈത്തി പൗരൻ ട്വിറ്ററിൽ കുറിച്ചു. സൗദിയിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരുടെയും അവർ ആരായിരുന്നാലും എത്ര ഉന്നതരായാലും അവരുടെ മുഴുവൻ ലഗേജുകളും പരിശോധിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അടുത്തിടെ കർശന നിർദേശം നൽകിയിരുന്നു. 

 

 

Latest News