റിയാദ് - സൗദി അറേബ്യ ഈ വർഷം 12 പുനരുപയോഗ ഊർജ പദ്ധതികൾക്ക് ടെണ്ടറുകൾ ക്ഷണിക്കുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി. അബുദാബി സസ്റ്റൈനബിലിറ്റി വീക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിൽ വൈദ്യുതി ഉൽപാദന മേഖല നിലവിൽ പെട്രോളും ഗ്യാസും ആണ് അവലംബിക്കുന്നത്. ഇതിൽ മാറ്റമുണ്ടാവുകയും വൈവിധ്യപൂർണമായ ഉറവിടങ്ങളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം രാജ്യത്ത് നിലവിൽവരികയും ചെയ്യും. 2030 ഓടെ പുനരുപയോഗ ഊർജ മേഖലയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തി സൗരോർജത്തിൽ നിന്ന് 40 ഗിഗാവാട്ടും കാറ്റിൽ നിന്ന് 16 ഗിഗാവാട്ടും സാന്ദ്രീകൃത സൗരോർജത്തിൽ നിന്ന് മൂന്ന് ഗിഗാവാട്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
പുനരുപയോഗ ഊർജ മേഖലയിൽ ഏതാനും ലക്ഷ്യങ്ങൾക്ക് മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. ഊർജ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ റിന്യുവേബിൾ എനർജി പ്രോജക്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസ് ഈ വർഷം പന്ത്രണ്ടു പുനരുപയോഗ ഊർജ പദ്ധതികൾക്ക് ടെണ്ടറുകൾ ക്ഷണിക്കും. പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനും മിച്ചമുള്ളവ ആഗോള വിപണികളിലേക്ക് കയറ്റി അയക്കുന്നതിനും ലക്ഷ്യമിട്ട് പുനരുപയോഗ ഊർജ മേഖലാ സാങ്കേതിക വിദ്യകൾ നിർമിക്കുന്നതിനും സാങ്കേതിക വിദ്യകൾ സ്വദേശിവൽക്കരിക്കുന്നതിനും ആഗോള കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിനാണ് ഊർജ, വ്യവസായ മന്ത്രാലയവും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ശ്രമിക്കുന്നത്.
2030 ഓടെ പുനരുപയോഗ ഊർജ സാങ്കേതിക വിദ്യകൾ വഴി 200 ലേറെ ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് ശ്രമം. പുനരുപയോഗ ഊർജ പദ്ധതികളിൽ 30 ശതമാനത്തിന് റിന്യുവേബിൾ എനർജി പ്രോജക്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസും 70 ശതമാനത്തിന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ടെണ്ടറുകൾ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം 12 പുനരുപയോഗ ഊർജ പദ്ധതികൾക്കുള്ള ടെണ്ടറുകൾ ക്ഷണിക്കുമെന്നും ഈ പദ്ധതികൾക്ക് ആകെ 350 കോടി ഡോളർ മുതൽ 400 കോടി ഡോളർ വരെ ചെലവ് കണക്കാക്കുന്നതായും റിന്യുവേബിൾ എനർജി പ്രോജക്ട്‌സ് ഡെവലപ്‌മെന്റ് ഓഫീസ് മേധാവി തുർക്കി അൽശഹ്‌രി പറഞ്ഞു. ഇതിൽ ആദ്യ പദ്ധതിക്ക് ഒരു മാസത്തിനുള്ളിൽ ടെണ്ടറുകൾ ക്ഷണിക്കും. പൂർണമായും സ്വകാര്യ മേഖലയുടെ മുതൽ മുടക്കോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ സൗദിയിൽ 35 ലേറെ പ്രദേശങ്ങളിൽ പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിയിൽ രണ്ടു പുനരുപയോഗ പദ്ധതികളുടെ കരാറുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്. ആദ്യമായി അനുവദിച്ച പദ്ധതി സകാക്ക സൗരോർജ പദ്ധതിയാണ്. സൗദിയിലെ അക്വാപവർ കമ്പനിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൺസോർഷ്യത്തിനാണ് സകാക്ക പദ്ധതി കരാർ അനുവദിച്ചിരിക്കുന്നത്. കിലോവാട്ട് വൈദ്യുതിക്ക് 2.3417 അമേരിക്കൻ സെന്റ് നിരക്ക് നിശ്ചയിച്ചാണ് പദ്ധതി കരാർ നൽകിയിരിക്കുന്നത്.
കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ദോമത്തുൽ ജന്ദൽ പദ്ധതി കരാർ ഫ്രഞ്ച്, യു.എ.ഇ കമ്പനികൾ അടങ്ങിയ കൺസോർഷ്യത്തിന് കഴിഞ്ഞയാഴ്ച അനുവദിച്ചു. ഒരു കിലോവാട്ട് വൈദ്യുതിക്ക് 2.13 അമേരിക്കൻ സെന്റ് നിരക്ക് നിശ്ചയിച്ചാണ് ഈ പദ്ധതിയുടെ കരാർ അനുവദിച്ചിരിക്കുന്നത്.