ഇടുക്കി- ചിന്നക്കനാല്‍ നടുപ്പാറയില്‍ തോട്ടം ഉടമ രാജേഷും ജോലിക്കാരന്‍ മുത്തയ്യയും കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശാന്തന്‍പാറ ചേരിയാര്‍ കറുപ്പന്‍കോളനി 280-ാം നമ്പര്‍ വീട്ടില്‍ എസ്രബേല്‍(30), ഭാര്യ കപില(23) എന്നിവരെയാണ് ശാന്തന്‍പാറ സി.ഐ എസ്.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒളിവില്‍പ്പോയിരിക്കുന്ന മുഖ്യ പ്രതി കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനായുള്ള അന്വേഷണം തുടരുകയാണ്. മൊബൈല്‍ ലൊക്കേഷനുകളില്‍ നിന്നും ഇയാള്‍ വയനാട് ഭാഗത്തേക്ക് പോയെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
12ന് പുലര്‍ച്ചെയാണ് കൊലകള്‍ നടന്നത്. ഇതിനു ശേഷം ചേരിയാറില്‍ എത്തിയ ബോബന് ഒളിച്ച് താമസിക്കുന്നതിനുള്‍പ്പെടെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിന്
എസ്രബേലിനെയും കപിലയെയും ഞായറാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച 146 കിലോഗ്രാം ഏലക്കാ വില്‍ക്കുന്നതിനും കൈയിലേറ്റ മുറിവിന് ചികില്‍സിക്കുന്നതിനായി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പോകുന്നതിനും എസ്റ്റേറ്റില്‍ നിന്നും അപഹരിച്ച ഡസ്റ്റര്‍ കാര്‍ രാജകുമാരി മുരിക്കുംതൊട്ടി ചര്‍ച്ചു വളപ്പില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നതിനും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നും എസ്രബേലിന്റെ പേരില്‍ പുതിയ സിം കാര്‍ഡ് എടുത്ത് നല്‍കിയെന്നും ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. ഈ കുറ്റങ്ങള്‍ക്കും തെളിവ് നശിപ്പിക്കുവാന്‍ കൂട്ടുനിന്നതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ തമിഴ് വംശജരായ തൊഴിലാളി കുടുംബത്തില്‍പ്പെട്ടവരാണ് എസ്രബേലും കപിലയും.ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എസ്റ്റേറ്റ് പൂപ്പാറയിലാണ് എസ്രബേലിന്റെ സ്വന്തം വീടെങ്കിലും ചേരിയാറിലെ ഭാര്യവീട്ടിലാണ് താമസം. ചേരിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലത്തിനടിയില്‍ നിന്നും ചോരക്കറയുള്ള രണ്ട് ചാക്കുകള്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. പ്രധാന പ്രതി ബോബിന്‍ എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച ഏലക്ക സൂക്ഷിച്ചിരുന്നത് ഇവയിലാണെന്നും പൂപ്പാറക്കാരനായ വ്യാപാരിക്ക് കായ് വിറ്റതിനുശേഷം ചാക്കുകള്‍ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചത് എസ്രബേല്‍ ആണെന്നും തെളിഞ്ഞിട്ടുണ്ട്.
ദമ്പതികള്‍ക്ക് കൊലയുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നില്ല. ഒളിവിലുള്ള പ്രതി ബോബനെ പിടികൂടാന്‍ സാധിച്ചെങ്കില്‍ മാത്രമെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയു.ഇതിനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കോഴിക്കോട് ഭാഗത്ത് വച്ച് സ്വിച്ച് ഓഫ് ആയ നിലയിലാണ്.എന്നാല്‍ മറ്റേതെങ്കിലും സിമ്മോ ഫോണോ ഉപയോഗിക്കുന്നുണ്ടോ എന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ഈ സംഘം മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. എസ്.പിയുടെ നേരിട്ടുള്ള നേതൃത്വത്തിലുള്ള ഷാഡോ സംഘം, മൂന്നാര്‍ ഡിവൈ.എസ്.പി സുനീഷ് ബാബു രാജാക്കാട് എസ്.ഐ പി.ഡി അനൂപ്‌മോന്‍ എന്നിവരടങ്ങുന്ന മറ്റൊരു സ്‌ക്വാഡ്, ശാന്തമ്പാറ സി.ഐ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാം സംഘം എന്നിവയാണ് കേസ് അന്വേഷിക്കുന്നത്.
---